വെച്ചൂര്‍ അച്ചിനകം സെന്റ് ആന്റണീസ്  പാരീഷ് ഹാള്‍ ക്യാമ്പിലെ ഓണാഘോഷം ശ്രദ്ധേയമായി. 731 കുടുംബങ്ങളിലായി 1449 പേരാണ് ഈ ക്യാമ്പിലുണ്ടായിരുന്നത്. കൈപ്പുഴമുട്ട്, മഞ്ചാടിക്കരി, ആര്‍പ്പൂക്കര പ്രദേശങ്ങളിലെ താമസക്കാരാണിവര്‍. ജാതിമതരാഷ്ടീയഭേദമില്ലാതെ എല്ലാവരും ഒന്നാണെന്ന സന്ദേശം ഉള്‍ക്കൊണ്ട് തന്നെയായിരുന്നു ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ക്യാമ്പിലെ അന്തേവാസികളായ കുട്ടികളിലൊരാള്‍ തന്നെ മാവേലിയുടെ വേഷം കെട്ടി ആള്‍ക്കൂട്ടത്തിലേക്ക് ഇറങ്ങി. എല്ലാവര്‍ക്കും ഓണാശംസകള്‍ നല്‍കി ചുറ്റി നടന്നു. പിന്നീട് ഓണക്കളികളുടെ സമയമായി. കസേരക്കളിയും ബോള്‍ പാസിംഗും പുരുഷ•ാരുടെ സാരിചുറ്റലും തുടങ്ങി വിവിധ മത്സരങ്ങള്‍ അരങ്ങേറി. ഇതിനിടയില്‍ ക്യാമ്പ് അന്തേവാസിയായ ചാക്കോച്ചന്‍ കാരപ്പള്ളിയുടെ ഫ്ളൂട്ട് കച്ചേരി. ഉച്ചയ്ക്ക് പായസം ഉള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യ. അതോടൊപ്പം വീട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഉപയോഗിക്കാനായി അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ ഒരു ചെറിയ ഓണക്കിറ്റും. ക്യാമ്പിലെങ്കിലും ചെറുതെങ്കിലും ഒരുമയാല്‍ സമൃദ്ധമായൊരോണം. വില്ലേജ് ഓഫീസര്‍ സുരേഷ് ബാബു, പഞ്ചായത്തംഗം സോജി ജോര്‍ജ്, പള്ളി വികാരി ഫാ .തനു പുതുശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.