തൃശ്ശൂർ ജില്ലയിൽ 18 സർക്കാർ സ്കൂളുകളിൽ സ്‌കിൽ ഡെവലപ്മെന്റ് സെന്റർ ആരംഭിക്കാൻ അനുമതി. ഓരോ ബ്ലോക്ക് റിസോഴ്സ് സെന്ററിനും കീഴിലുളള ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിലാണ് സ്‌കിൽ ഡെവലപ്മെന്റ് സെന്റർ ആരംഭിക്കുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളില്ലാത്ത ബിആർസികളിൽ നിന്ന് ഹയർസെക്കൻഡറി സ്കൂളുകളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

സർവ്വശിക്ഷാ കേരള ‘സ്റ്റാർസ്’ ഫണ്ടിൽ നിന്നും 21.5 ലക്ഷം രൂപയാണ് ഓരോ സ്കൂളിനും പദ്ധതി നടത്തിപ്പിനായി വകയിരുത്തുന്നത്. എസ് എസ് കെ വഴി നടപ്പിലാക്കുന്ന ലോക ബാങ്ക് പദ്ധതിയാണ് സ്റ്റാർസ് (സ്ട്രങ്തനിങ് ടീച്ചിങ് ലേണിങ് ആൻഡ് റിസള്‍ട്ട് ഫോര്‍ സ്റ്റുഡന്റ്സ്). പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങളിലാണ് സ്റ്റാർസ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തിന് 236 സ്കിൽ ഡെവലപ്മെൻറ് സെൻററുകൾ ആരംഭിക്കാനുളള അനുമതിയാണ് ലഭിച്ചത്.

സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ നയങ്ങൾക്ക് കൂടുതൽ ദിശാബോധം നൽകുന്നതും നിലവിലെ വിദ്യാഭ്യാസ പദ്ധതികൾക്കൊപ്പം നടപ്പിലാക്കാൻ കഴിയുന്നതുമായ പരിപാടികളാണ് സ്റ്റാർസ് പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രീസ്‌കൂൾ വിദ്യാഭ്യാസം, അധ്യാപകപരിശീലനം, അക്കാദമിക മാനേജ്‌മെന്റ്, തൊഴിൽനൈപുണി വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഓരോ ബ്ലോക്കിലും ഉന്നത നിലവാരത്തിലുള്ള നൈപുണി വികസന കേന്ദ്രങ്ങൾ ഉറപ്പാക്കുന്നതോടൊപ്പം പ്രാദേശികമായ തൊഴിൽസാഹചര്യങ്ങൾക്കും ഉന്നതനിലവാരമുള്ള തൊഴിൽസാധ്യതകൾക്കും അനുസൃതമായി യുവതലമുറയക്ക് വൈദഗ്ധ്യം നൽകുക, ഔപചാരിക വിദ്യാഭ്യാസത്തിലൂടെ വൈദഗ്ധ്യം ലഭിക്കാത്ത കുട്ടികൾക്ക്‌ അതിനുള്ള അവസരം നൽകുക, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക്‌ നൈപുണി പരിശീലനം വഴി ഉപജീവനം ഉറപ്പാക്കുക, അഭിരുചിയുള്ള മേഖലയിൽ ആത്മവിശ്വാസത്തോടെ തൊഴിലിൽ ഏർപ്പെടാൻ കുട്ടികളെ പ്രാപ്തമാക്കുക തുടങ്ങിയവ പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.

ഒരു സെന്ററിൽ വ്യത്യസ്ത സെക്ടറുകളിൽ 25 കുട്ടികൾ വീതം രണ്ട് ബാച്ചുകളായാണ് ആരംഭിക്കുക. ആദിവാസി – തീരദേശം – തോട്ടം മേഖലയിലെ കുട്ടികൾ, അതിഥി തൊഴിലാളികളുടെ കുട്ടികൾ, അംഗവൈകല്യമുളള കുട്ടികൾ, ‘സ്കോൾ കേരള’യിൽ രജിസ്റ്റർ ചെയ്ത് ഓപ്പൺ സ്കൂൾ വിദ്യാഭാസത്തിൽ പഠിക്കുന്നവർ, ഹയർസെക്കന്ററി- വി.എച്ച്.എസ്.ഇ പഠനം പൂർത്തിയാക്കിയവർ, നിലവിൽ പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ എന്നിവരെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാർത്ഥികൾ 15 വയസ് പൂർത്തിയായവരും 21 വയസ്സിൽ താഴെയുള്ളവരും ആയിരിക്കണം. 18 വയസ്സിന് താഴെയുള്ളവർക്ക് പ്രഥമ പരിഗണന. പ്രത്യേക പരിഗണന ആവശ്യമുളള വിഭാഗത്തിലെ കുട്ടികളുടെ പ്രായപരിധി 25 വയസ്സാണ്. എസ്.സി/എസ്.ടി വിഭാഗത്തിൽപെടുന്ന വിദ്യാർത്ഥികൾ, പ്രത്യേക പരിഗണന ആവശ്യമുളള വിദ്യാർത്ഥികൾ എന്നിവർക്ക് സംവരണം ലഭിക്കും. വിവിധ വകുപ്പുകളുടെ കീഴിലുള്ള അഭയകേന്ദ്രങ്ങളിൽ അന്തേവാസികളായ കുട്ടികൾക്ക് അർഹമായ പരിഗണനയും സാധ്യമാക്കുന്നു. കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ അംഗീകൃത സ്കിൽ സർട്ടിഫിക്കറ്റ് ലഭിക്കും.