ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള നിയമസഭ നടത്തിവരുന്ന വിവിധ പരിപാടികൾ കയ്പമംഗലം മണ്ഡലത്തിൽ സംഘടിപ്പിക്കുന്നതിനായി സംഘാടകസമിതി രൂപീകരിച്ചു. എംഇഎസ് അസ്മാബി കോളേജിൽ സംഘടിപ്പിച്ച യോഗത്തിൽ ചെയർമാനായി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, ജനറൽ കൺവീനറായി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ, കോഡിനേറ്ററായി അസ്മാബി കോളേജ് പ്രിൻസിപ്പിൾ ഡോ. ബിജു എന്നിവരെ തെരഞ്ഞെടുത്തു.

നവംബർ 14,15 തീയതികളിലായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 14ന് റവന്യു മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യും. നിയമസഭാ മ്യൂസിയം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമര ചരിത്രം വിശദീകരിക്കുന്ന അപൂർവ്വങ്ങളായ ഫോട്ടോകളുടെയും വിഡിയോകളുടെയും പ്രദർശനം കൊടുങ്ങല്ലൂർ എം ഇ എസ് അസ്മാബി കോളേജിൽ സംഘടിപ്പിക്കും. സ്വാതന്ത്ര്യസമരത്തിന്റെ നാൾവഴികളും ഉജ്ജ്വലമുഹൂർത്തങ്ങളും ചിത്രീകരിച്ച ലഘുവീഡിയോചിത്രങ്ങളടങ്ങുന്ന പ്രദർശനവും ലഹരിവിരുദ്ധ ബോധവൽക്കരണവും നടക്കും. യൂണിസെഫിന്റെ സഹകരണത്തോടെ ഹയർ സെക്കന്ററി, കോളേജ് വിദ്യാർത്ഥികൾക്കായി കാലാവസ്ഥ വ്യതിയാനം, ദുരന്തനിവാരണം വിഷയങ്ങളിൽ ഏകദിന ശിൽപ്പശാല നടത്തും. തെരഞ്ഞെടുക്കപ്പെടുന്ന 150 വിദ്യാർത്ഥികൾക്കാവും പ്രവേശനം. ശില്പശാലയിൽ പങ്കെടുക്കുന്ന പ്രതിനിധികളിൽനിന്ന് കാലാവസ്ഥാ അംബാസഡറെ തെരഞ്ഞെടുക്കും. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി അനുബന്ധ പരിപാടികളും കലാപരിപാടികളും അരങ്ങേറും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജൻ, കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ, ഏടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി കെ ചന്ദ്രബാബു, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് വിവിധ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.