വരവൂർ ഗവ.ലോവർ പ്രൈമറി സ്കൂളിന് അന്താരാഷ്ട്ര മുഖം

മഴവില്ലഴകിൽ പ്രവേശന കവാടം, 30 തീമുകളിൽ നിർമിച്ച 11 പ്രവർത്തന ഇടങ്ങൾ, പഠിക്കാനും കളിക്കാനും ഒരുപോലെ ആവേശം പകരുന്ന കാഴ്ചകൾ..

വരവൂർ ഗവൺമെന്റ് എൽപി സ്കൂളിലെ പ്രീ പ്രൈമറി സ്കൂൾ ഇനി അന്താരാഷ്ട്ര നിലവാരത്തിൽ. തേൻതുള്ളിയെന്ന് പേര് നൽകി സമഗ്ര ശിക്ഷ കേരളം തൃശൂരിന്റെയും ബിആർസി വടക്കാഞ്ചേരിയുടെയും നേതൃത്വത്തിൽ നടപ്പിലാക്കിയ പദ്ധതി പട്ടികജാതി പട്ടികവർഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സമഗ്ര ശിക്ഷ കേരളയുടെ 15 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനും വിനോദത്തിനും ഒരുപോലെ പ്രാധാന്യം നൽകുകയാണ് ലക്ഷ്യം. സ്കൂളിനെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റുന്നതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും അധ്യാപക രക്ഷകർത്താക്കളെയും നാട്ടുകാരെയും മന്ത്രി അഭിനന്ദിച്ചു. എല്ലാ ആധുനിക സൗകര്യങ്ങളോടെയുമാണ് സ്കൂൾ കെട്ടിടം പണിതതെന്നും മറ്റു പല സ്കൂളുകളിലെ കുട്ടികൾക്കും കിട്ടാത്ത സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കുട്ടികളിൽ അന്തർലീനമായ സഹജവാസനകളെ ഉണർത്തി രസകരമായ വിജ്ഞാന പന്ഥാവിലൂടെ അറിവിന്റെ നിറവിലെത്തിക്കാൻ പര്യാപ്തമായ തരത്തിലാണ് മാതൃകാ പ്രീ പ്രൈമറി സ്കൂൾ ഒരുക്കിയിരിക്കുന്നത്. ഹരിതോധ്യാനം ശാസ്ത്രയിടം, സംഗീതയിടം, വരയിടം ഗണിതയിടം, ഇ – ഇടം, ഭാഷാ വികസന ഇടം, സർഗാത്മക ഇടം, നിർമ്മാണയിടം, കരകൗശല ഇടം, കളിയിടം, തുടങ്ങി വിവിധ പ്രവർത്തന ഇടങ്ങളോട് കൂടിയാണ് നിർമാണം. കളിയൂഞ്ഞാൽ, സ്ലൈഡറുകൾ, ജലാശയം, ഗുഹ, പക്ഷി മൃഗാദികളുടെ പ്രതിമകൾ എന്നിവയെല്ലാം കുട്ടികളെ ഉല്ലസിപ്പിക്കാൻ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി വീൽചെയറുൾപ്പെടെ ഒരുക്കി ഭിന്നശേഷി സൗഹൃദമായും സ്കൂളിനെ മാറ്റി.

വരവൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത അധ്യക്ഷത വഹിച്ച ചടങ്ങിൽ പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാനും, മുൻ എംഎൽഎയുമായ യു ആർ പ്രദീപ്‌, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് മെമ്പർ പി സാബിറ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ വി ജി ദീപു പ്രസാദ്, വരവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ കെ ബാബു, ഡിപിസി സമഗ്ര ശിക്ഷ കേരള, തൃശൂരിലെ ഡോക്ടർ എൻ ജെ ബിനോയ് എന്നിവർ പങ്കെടുത്തു.