ചരിത്രാതീത കാലഘട്ടത്തെ നിശ്ചല മാതൃകകളാക്കി കൗതുകം ജനിപ്പിക്കുന്നതായിരുന്നു റവന്യൂ ജില്ലാ ശാസ്ത്രമേളയിലെ സാമൂഹ്യശാസ്ത്രം ഹയർ സെക്കൻഡറി വിഭാഗം സ്റ്റിൽ മോഡൽ മത്സരം. വിജയനഗര സാമ്രാജ്യം പടുത്തുയർത്തി ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ പി എ അശ്വതി, പി അപർണ്ണ തുടങ്ങിയവർ ശ്രദ്ധ നേടിയപ്പോൾ വിവിധ സംസ്കാരങ്ങളുടെ ചരിത്രം വിളിച്ചോതി മതിലകം സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്കൂളിലെ വി എഫ് സഫ്ഹാനയും പുണ്യ സൈജുവും താരങ്ങളായി. ഹാരപ്പൻ, ഈജിപ്ത്, ചൈനീസ് ,മെസപ്പൊട്ടേമിയൻ സംസ്കാരങ്ങളാണ് മിടുക്കികൾ അവതരിപ്പിച്ചത്. അഴുക്കുചാൽ പദ്ധതിയും മഹാസ്നാന ഘട്ടം, ക്യൂണിഫോം ലിപി തുടങ്ങിയവയും മത്സരങ്ങളിലെ കൗതുകക്കാഴ്ചകളായി.
കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ എന്റെ തൊഴിൽ എന്റെ അഭിമാനം ഇന്ത്യയിൽ നടപ്പാക്കിയാൽ ദാരിദ്ര്യലഘൂകരണം സാധ്യമാകുമെന്നാണ് ചേർപ്പ് സി എൻ എൻ എച്ച് എസ് എസിലെ വിദ്യാർത്ഥികളുടെ അഭിപ്രായം. എൻ പി ഹരികൃഷ്ണൻ, ടി പി പ്രണവ് എന്നിവരാണ് ദാരിദ്ര്യം എന്ന വിഷയം അവതരിപ്പിച്ച് എങ്ങനെ അതിനെ മറികടക്കാമെന്ന് വ്യക്തമാക്കിയത്. തൊഴിൽ സർവ്വേ നടത്തി തൊഴിലില്ലായ്മ നികത്താനും മികച്ച വിദ്യാഭ്യാസം നൽകാനും കഴിയുമെന്നാണ് കൊച്ചുമിടുക്കർ പങ്കുവെക്കുന്നത്. 16 ടീമുകളാണ് ഹയർസെക്കൻഡറി വിഭാഗം സ്റ്റിൽ മോഡൽ മത്സരത്തിൽ പങ്കെടുത്തത്.