സമഗ്ര കാര്‍ഷിക വികസന പദ്ധതിക്ക് മണ്ഡലത്തില്‍ തുടക്കം

തരിശ് രഹിത ഇരിങ്ങാലക്കുട എന്ന ആശയം മുന്നോട്ട് വച്ച് മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ ‘പച്ചക്കുട’ കേരളത്തിന് മാതൃകയാണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഭാഗമായി മുഴുവന്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിച്ച് സംസ്ഥാനത്ത് ആദ്യമായാണ് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുടയുടെ സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ ‘പച്ചക്കുട’ യുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിന്റെ കാര്‍ഷിക മേഖലയില്‍ വികസനവും പുരോഗതിയും ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ സംയോജിപ്പിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘പച്ചക്കുട’.

നമുക്ക് വേണ്ടത് നാം തന്നെ ഉല്‍പ്പാദിപ്പിച്ചെടുക്കുക എന്നതിലേയ്ക്ക് കേരളം മാറണം. ഭക്ഷ്യസ്വയം പര്യാപ്തത നേടാന്‍ പച്ചക്കുട പോലെയുള്ള കാര്‍ഷിക വികസന പദ്ധതികള്‍ സഹായിക്കുമെന്നും വകുപ്പിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ള പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി നാടിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങളും മനുഷ്യരുടെ ആരോഗ്യ സംരക്ഷണവും പച്ചക്കുട ഗൗരവമായെടുക്കുന്നു എന്നത് പ്രധാനമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഭക്ഷണത്തിലും ജീവിത ശൈലിയിലും വന്ന മാറ്റം മാരകമായ രോഗങ്ങള്‍ക്ക് നമ്മെ അടിമപ്പെടുത്തുകയാണ്. ഈ പ്രതിസന്ധിക്കുള്ള പരിഹാരം ആവശ്യമായ പച്ചക്കറികള്‍ ഉള്‍പ്പെടെ കേരളത്തില്‍ തന്നെ ഉല്‍പാദിപ്പിക്കുക എന്നത് മാത്രമാണ്. സാധ്യമാകുന്ന ഇടത്തെല്ലാം കൃഷി ചെയ്ത് വിഷരഹിതമായത് ഉല്‍പ്പാദിപ്പിച്ചെടുക്കുക എന്നതിലേയ്ക്ക് മാറണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. പച്ചക്കുട പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനവും ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുടയുടെ ഭക്ഷ്യസ്വയം പര്യാപ്തതയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യോത്പ്പന്നങ്ങളോടൊപ്പം ഔഷധസസ്യ കൃഷിയും പദ്ധതിയുടെ ഭാഗമാണ്. മെച്ചപ്പെടുത്താം എന്നതില്‍ ശാസ്ത്രീയമായ ഉല്‍പ്പാദനം, വിപണനം എന്നിവയോടൊപ്പം അടിസ്ഥാന സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും നടപ്പാക്കും. കൃഷിയിടങ്ങള്‍ എങ്ങനെ ശാസ്ത്രീയമായി മെച്ചപ്പെടുത്താം എന്നത് സംബന്ധിച്ച് പരിശീലന പരിപാടികളും പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ വകുപ്പുകള്‍, കര്‍ഷക കൂട്ടായ്മകള്‍, വായനശാലകള്‍, സഹകരണ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, യുവജന ക്ലബുകള്‍, സ്വയംസഹായ സംഘങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവരുടെയെല്ലാം സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കോള്‍നിലങ്ങളുടെ വികസനം, പഴം പച്ചക്കറി സംസ്‌ക്കരണം, പച്ചക്കറി കൃഷി വ്യാപനം, ഔഷധ സസ്യകൃഷി, ക്ഷീര കര്‍ഷകര്‍ക്ക് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദന വിപണനത്തിനായി സംരംഭങ്ങള്‍, കാര്‍ഷിക കര്‍മ്മസേന, ജൈവ വളം നിര്‍മ്മാണകേന്ദ്രങ്ങള്‍, മല്‍സ്യം മാംസം എന്നിവയുടെ ഉല്‍പ്പാദനത്തിലെ സ്വയം പര്യാപ്തത എന്നിവയിലൂടെ തരിശുരഹിത ഇരിങ്ങാലക്കുട രൂപപ്പെടുത്തുകയാണ് പച്ചക്കുട പദ്ധതിയുടെ ലക്ഷ്യം.

ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് മിനി പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി, ഇരിങ്ങാലക്കുട പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയ് ഘോഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ പവിത്രന്‍, ജോസ് ജെ ചിറ്റിലപ്പിള്ളി, കെ ആര്‍ ജോജോ, ലത സഹദേവന്‍, കെ എസ് തമ്പി, കെ എസ് ധനീഷ്, സീമ പ്രേമരാജ്, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, വെള്ളാങ്ങല്ലൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്റ്റര്‍ മുഹമ്മദ് ഹാരിസ് തുടങ്ങിയവര്‍ പങ്കെടുത്തു.