സോഷ്യൽ മീഡിയയിൽ നടക്കുന്ന ശകാരങ്ങൾ വിമർശനമല്ലെന്നും അത് ദൂഷണം മാത്രമാണെന്നും സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. മലയാള ദിന-ഭരണഭാഷ വാരാഘോഷം എന്നിവയോടനുബന്ധിച്ച് ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് തൃശൂർ ശ്രീകേരളവർമ്മ കോളേജ് മലയാള വിഭാഗവുമായി സഹകരിച്ച് നടത്തിയ ” കവിയും കവിതയും” സാഹിത്യ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമർശനം എന്നത് വിവേകത്തോടും യുക്തിസഹവുമായി  നടത്തുന്നഎതിർപ്പാണ്.അത്കാര്യകാരണസഹിതമാകണം. തങ്ങൾ ചെയ്യുന്നതാണ് ശരിയെന്നത് മാറ്റി കവികൾ ആത്മവിമർശനത്തിൽ എത്തണം. ഒപ്പം തങ്ങൾ മാത്രമാണ് ശരിയെന്നതു നേരിടാൻ ഉള്ളിലൊരു വിമർശകനേയോ വിമർശകയേയോ വളർത്തണം. സോഷ്യൽ മീഡിയയിൽ ഇപ്പോൾ കാണുന്ന ശകാരങ്ങൾ ദ്വന്ദങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്. ദ്വന്ദങ്ങൾക്കിടയിൽ കാണാത്ത അനേകം യാഥാർഥ്യങ്ങളുള്ളത് അവർ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നീതിബോധത്താൽ പ്രചോദിതമാണ് എഴുത്തെങ്കിൽ നൈതികത ബാധ്യതയാകില്ല. അതുപോലെ പാരമ്പര്യമെന്നത് ഒരേസമയം സാമൂഹ്യനിർമിതവും അവരവരുടെ സങ്കൽപത്താൽ നിർമിതവുമാണ്. അതിനാൽ ഏത് പാരമ്പര്യത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നതെന്ന് നിരന്തരം ചോദിക്കേണ്ട ചോദ്യമാണെന്നും സച്ചിദാനന്ദൻ പറഞ്ഞു.

മലയാളം എന്ന കവിത ചൊല്ലിയാണ് സച്ചിദാനന്ദൻ സംവാദം ഉദ്ഘാടനം ചെയ്തത്. പ്രിൻസിപ്പാൾ വി എ നാരായണമേനോൻ അധ്യക്ഷനായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം ആശംസകളർപ്പിച്ചു. ബിരുദവിദ്യാർഥിനി എ ആര്യനന്ദ സച്ചിദാനന്ദന്റെ നാവുമരം എന്ന കവിത ചൊല്ലി. തുടർന്ന് വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് കവി മറുപടി നൽകി. ഐപിആർഡി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ വി ആർ സന്തോഷ് സ്വാഗതവും മലയാളം വകുപ്പ് മേധാവി ഡോ.എം ആർ രാജേഷ് നന്ദിയും പറഞ്ഞു.