കോട്ടയം: കേരളത്തിന്റെ സമഗ്രവികസനത്തിന് മലയാളഭാഷ അനിവാര്യമെന്ന് സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ.ജി. ഒലിന പറഞ്ഞു. ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി സാക്ഷരതാ മിഷൻ
ചങ്ങനാശേരി ഗവൺമെൻ്റ് ഹൈസ്ക്കൂളിൽ സംഘടിപ്പിച്ച തുല്യതാ പഠിതാക്കളുടെ സംഗമവും സെമിനാറും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
ഭരണഭാഷ പൂർണമായും മലയാളത്തിൽ ആകുമ്പോഴേ സാധാരണ ജനങ്ങൾക്ക് നിയമങ്ങളും ചട്ടങ്ങളും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയൂവെന്നും അവർ പറഞ്ഞു. സാക്ഷരതാ മിഷന്റ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ മുഴുവൻ തുല്യതാ പഠിതാക്കളും പങ്കാളികളാകണമെന്ന് അവർ പറഞ്ഞു. സാക്ഷരതാ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഡോ. വി.വി. മാത്യു അധ്യക്ഷത വഹിച്ചു. കെ.എസ്. അനിയൻകുഞ്ഞ്, പി. മുരുകൻ, ടി.എം. ആസീഫ് ,വി.ആർ. ഷൈലജ, കെ.കെ. വിജയമ്മ, വി.സി. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.