സാംസ്കാരിക അപചയത്തിനെതിരെ ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മ പരിപാടി: മന്ത്രി വി എൻ വാസവൻ

കലാമണ്ഡലത്തെ കൾച്ചറൽ യൂണിവേഴ്സിറ്റി ആക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമ ദേവസ്വം പാർലിമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ നടന്ന 92-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാമണ്ഡലം ഇന്ന് ഉന്നതിയുടെ പാതയിലാണെന്ന് പറഞ്ഞ മന്ത്രി അതിന്റെ സാംസ്കാരിക സംഭാവനകൾ സ്മരിക്കണമെന്നും അഭിപ്രായപ്പെട്ടു. എല്ലാ കലകളെയും പ്രോത്സാഹിപ്പിക്കുന്ന ഒരു കേന്ദ്രമായി കലാമണ്ഡലത്തെ മാറ്റുക എന്ന ലക്ഷ്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ എല്ലാ സാംസ്കാരിക സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സാംസ്കാരിക അപചയത്തിന് എതിരെ ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മ പരിപാടി ആവിഷ്ക്കരിച്ചതായി സഹകരണ-രജിസ്ട്രേഷൻ സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ ചടങ്ങിൽ അറിയിച്ചു.  നിശബ്ദ വിപ്ലവത്തിന്റെ വലിയ ആശയം അവതരിപ്പിച്ച മഹാകവിക്ക് അഭിവാദ്യം അർപ്പിച്ചാണ് മന്ത്രി പ്രസംഗം ആരംഭിച്ചത്. മതത്തിന്റെ വേലിക്കെട്ടില്‍ നിന്ന് കലയെ പുറത്തിറക്കിയ നിശബ്ദ വിപ്ലവമായിരുന്നു കലാമണ്ഡലമെന്നും മന്ത്രി പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കലാമണ്ഡലം ഫെല്ലോഷിപ്പ് അവാർഡ് എന്റോവ്മെന്റ് സമർപ്പണവും മന്ത്രി നിർവ്വഹിച്ചു.

വൈസ് ചാൻസലർ പ്രൊഫ.ഡോ.എം വി നാരായണൻ  അധ്യക്ഷത വഹിച്ചു. മുൻ വൈസ് ചാൻസലർ ഡോ.ടി കെ നാരായണൻ വിശിഷ്ടാതിഥിയായ ചടങ്ങിൽ  മുതിർന്ന വിദ്യാഭ്യാസ വിചക്ഷണനായ ചിത്രൻ നമ്പൂതിരിപ്പാട് പ്രത്യേക ക്ഷണിതാവായി. ഭരണസമിതി അംഗങ്ങളായ  വള്ളത്തോൾ ആചാര്യശ്രേഷ്ഠ പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി,  മേളാചാര്യൻ പത്മശ്രീ പെരുവനം കുട്ടൻ മാരാർ, കെ രവീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു. രജിസ്ട്രാർ ഡോ. രാജേഷ് കുമാർ സ്വാഗതവും ഭരണസമിതിയംഗം ടി കെ  വാസു നന്ദിയും പറഞ്ഞു.

കൂത്തമ്പലത്തിന് മുന്നിലുള്ള കൊടിമരത്തിൽ പതാക ഉയർത്തി വൈസ് ചാൻസലർ പ്രൊഫസർ ഡോ. എം വി നാരായണൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് നാഗസ്വര കച്ചേരിയോടെ രംഗാവിഷ്ക്കാരങ്ങൾക്ക് തുടക്കമായി.