തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാരുടെ അവലോകന യോഗം ചേർന്നു
മാലിന്യനിർമാർജനം മുഖ്യപ്രവർത്തനമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്നും ഇതിനായി പൊതുജനവിദ്യാഭ്യാസ പരിപാടികൾ ഊർജിതമാക്കണമെന്നും തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാരുടേയും, സെക്രട്ടറിമാരുടേയും, ജില്ലാതല ഉദ്യോഗസ്ഥരുടേയും ജില്ലാതല അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മനുഷ്യവിസർജ്യമുൾപ്പെടെ ജലസ്രോതസ്സുകളിൽ തള്ളുന്നത് ഗുരുതര പ്രശ്നമായി മാറിയിരിക്കുകയാണ്. മാലിന്യനിർമാർജനം സംസ്കാരത്തിൻ്റെ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞ് മനോഭാവമാറ്റത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശക്തമായി രംഗത്തിറങ്ങണം. ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾക്കുള്ള പൂർണ പിന്തുണ സർക്കാർ ഉറപ്പാക്കും.
അതിദാരിദ്ര്യ നിർമാർജന പ്രവർത്തനത്തിൻ്റെ ഭാഗമായി അവശ്യരേഖകൾ ഇല്ലാത്തവർക്ക് ഈ മാസം തന്നെ അവ ലഭ്യമാക്കുന്നതിന് നടപടി വേണം. ഭക്ഷണം ആവശ്യമുള്ളവർക്ക് അത് ലഭ്യമാക്കുന്നതിന് കുടുംബശ്രീയുടെയോ പ്രാദേശിക കൂട്ടായ്മകളുടെയോ സേവനം ഉറപ്പാക്കണം. ഓരോ കുടുംബത്തിൻ്റെയും ആവശ്യങ്ങൾക്കനുസരിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കണം. പ്രാദേശിക സാമ്പത്തിക വികസനം മുഖ്യ ലക്ഷ്യമാകണം. സംരംഭം തുടങ്ങുന്നതിന് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നതിന് തയ്യാറാവണം.
തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിനായി എബിസി പദ്ധതി തീവ്രമായി നടപ്പാക്കണം. അതിനാവശ്യമായ സംവിധാനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ ഏർപ്പെടുത്തണം. എൻജിനീയറിംഗ് വിഭാഗത്തിനെ കാര്യക്ഷമമാക്കുന്നതിനായി പുതുതായി നിയമിതരായ 136 അസി. എൻജിനീയർമാർക്ക് പരിശീലനം നൽകി. തുടർ പരിശീലനങ്ങളും ശിൽപശാലകളും വഴി എൻജിനീയറിംഗ് വിഭാഗത്തിനെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ജൽ ജീവൻ മിഷൻ പദ്ധതിക്കായി പൊളിക്കുന്ന റോഡുകൾ പുനർനിമിക്കുന്നതിനുള്ള ഉത്തരവാദിത്തവും മിഷന് നൽകുന്നത് പരിശോധിക്കും. തദ്ദേശസ്ഥാപനങ്ങളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരണത്തിനായി ശാസ്ത്രീയപഠനം നടത്തുന്നതിന് പഞ്ചായത്ത് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. വസ്തു നികുതി പരിഷ്കരണം പരിഗണനയിലാണ്. ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്താക്കളെ മുൻഗണനാ കണ്ടെത്തുന്നതിന് ഉടൻ നടപടിയുണ്ടാകുമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായി. തൃശൂർ കോർപ്പറേഷൻ മേയർഎം കെ വർഗീസ്, പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി വി സുരേന്ദ്രൻ, പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി തങ്കമ്മ, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് വി കെ ഫസലുൽ അലി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ രവി, കുന്നംകുളം മുനിസിപ്പൽ ചെയർപേഴസൺ സീത രവീന്ദ്രൻ, ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, തൃശൂർ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീന പറയങ്ങാട്ടിൽ എന്നിവർ പൊതുചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾക്ക് മന്ത്രി എം ബി രാജേഷ്, തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം ജി രാജമാണിക്യം എന്നിവർ മറുപടി പറഞ്ഞു. കലക്ടർ ഹരിത വി കുമാർ, ജില്ലാ ഡെവലപ്മെൻ്റ് കമ്മീഷണർ ശിഖ സുരേന്ദ്രൻ, ജനപ്രതിനിധികൾ, ജില്ലാതല വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് ജില്ല ജോയിൻ്റ് ഡയറക്ടർ ഇൻചാർജ് ബെന്നി ജോസഫ് സ്വാഗതവും ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ പ്രോജക്ട് ഡയറക്ടർ സറീന എ റഹ്മാൻ നന്ദിയും പറഞ്ഞു.