ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഭാരതീയ ചികിത്സാ വകുപ്പിന്റെ 24 മണിക്കൂര്‍ താത്ക്കാലിക ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തന സജ്ജമായി. കൂടാതെ തീര്‍ഥാടകര്‍ കൂടുതല്‍ എത്തിച്ചേരുന്ന പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിനോട് അനുബന്ധിച്ച് തീര്‍ഥാടന കാലയളവില്‍ ഒരു താത്ക്കാലിക ഡിസ്പെന്‍സറി പ്രവര്‍ത്തിക്കും. ഇവിടെ മെഡിക്കല്‍ ഓഫീസറുടെ സേവനവും ഔഷധ വിതരണവും ക്രമീകരിച്ചിട്ടുണ്ട്.

പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ 40 ലക്ഷം രൂപയുടെ ഔഷധം പല ഘട്ടങ്ങളിലായി വിതരണം നടത്തുന്നതിന് സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദം ഡോ. പി.എസ്. ശ്രീകുമാര്‍ അറിയിച്ചു. ഒന്‍പതു ഘട്ടങ്ങളായി സന്നിധാനത്ത് അഞ്ച് മെഡിക്കല്‍ ഓഫീസര്‍മാരും പമ്പയില്‍ മൂന്നു മെഡിക്കല്‍ ഓഫീസര്‍മാരും വീതം 22 ജീവനക്കാരെയാണ്  സേവനത്തിനായി വിന്യസിച്ചിട്ടുള്ളത്.  സന്നിധാനത്ത്  മണ്ഡലകാലത്ത് ഉടനീളം വിവിധ രോഗ ചികിത്സയ്ക്കായി രണ്ട് തെറാപ്പിസ്റ്റുമാരുടെ സേവനം ലഭ്യമാണ്.