പ്രണയത്തിന്റെ അടിസ്ഥാനം പരസ്പര ബഹുമാനമാണെന്നും പ്രണയ ബന്ധങ്ങളിലെ നീരസങ്ങളിൽ ഒരു വ്യക്തിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നും ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ലഹരിക്കെതിരെയും പ്രണയപ്പകയ്ക്കെതിരെയും ലിംഗ അസമത്വത്തിനെതിരെയും ‘കൗമാരം കരുത്താക്കൂ’ എന്ന പേരിൽ സംസഥാന വനിതാ കമ്മിഷൻ സംഘടിപ്പിക്കുന്ന ബോധവത്ക്കരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലഹരി ഉപഭോഗം വ്യക്തികളെയും സമൂഹത്തെയും ഒരുപോലെ ദോഷകരമായി ബാധിക്കുന്നുവെന്നും ഇത്തരം പ്രശ്‌നങ്ങളിൽപ്പെട്ട് പോയവരെ തിരികെയെത്തിക്കാൻ തുറന്ന ഇടങ്ങളുണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സാമൂഹിക പ്രതിബദ്ധതയുള്ള പുതിയ തലമുറയെ വാർത്തെടുക്കാൻ കൂട്ടായ പ്രവർത്തനം നടത്തേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച  കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. കൗമാര പ്രായത്തിൽ തന്നെ ലിംഗാവബോധം, ലഹരി വിരുദ്ധ മനോഭാവം തുടങ്ങിയവ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറി കെ. വിദ്യാധരൻ സാമൂഹിക പ്രതിബദ്ധതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ പി രാജൻ, ജൻഡർ കൺസൽട്ടന്റ് റ്റി കെ ആനന്ദി,  വനിതാ ശിശു വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സോഫി ജേക്കബ്, കേരള വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ,  പബ്ലിക് റിലേഷൻസ് ഓഫിസർ ശ്രീകാന്ത് എം ഗിരിനാഥ് എന്നിവർ പ്രസംഗിച്ചു.