കേരളത്തിലെ സർക്കാർ സംഗീത – ഫൈൻ ആർട്‌സ് കോളേജുകളിലെ വിദ്യാർഥികളുടെ യോജിച്ചുള്ള കലോത്സവത്തിന് ആദ്യമായി വേദിയൊരുക്കി സ’ 22 കലാസംഗീതസമന്വയം നവംബർ 12,13 തീയതികളിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. സംഗീത-നാട്യ-നൃത്ത-വാദ്യോപകരണ കലകളുടെ സർഗവിരുന്ന് 12ന് രാവിലെ 10ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. കലാവിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം കലാലയത്തോട് ചേർന്ന് തൊഴിലും നൽകുന്ന മിനി ഇൻഡസ്ട്രിയൽ യൂണിറ്റുകൾക്ക് ഫൈൻ ആർട്‌സ് കോളേജുകളിൽ ആരംഭമാവുന്നതിന്റെ പ്രഖ്യാപനവും മന്ത്രി നിർവഹിക്കും.
രണ്ടുദിവസവും രാവിലെ 10 മുതൽ രാത്രി 10 മണി വരെയാണ് സംഗീത-കലാവിരുന്ന്. വി. കെ. പ്രശാന്ത് എംഎൽഎ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് മുഖ്യപ്രഭാഷണം നടത്തും. ഫ്രീഡം വാൾ പദ്ധതിയ്ക്ക് നേതൃത്വം നൽകിയ വിവിധ കലാവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കും.
സംഗീത-ഫൈൻ ആർട്‌സ് കോളേജുകളായ സ്വാതി തിരുന്നാൾ സർക്കാർ സംഗീത കോളേജ് തിരുവനന്തപുരം, ആർ.എൽ.വി സംഗീത കോളേജ് തൃപ്പുണിത്തുറ, ചെമ്പൈ മെമ്മോറിയൽ സർക്കാർ സംഗീത കോളേജ് പാലക്കാട്, എസ്.ആർ.വി സംഗീത കോളേജ് തൃശ്ശൂർ, വിവിധ ഫൈൻ ആർട്‌സ് കോളേജുകൾ എന്നിവിടങ്ങളിലെ മുന്നൂറോളം വിദ്യാർത്ഥികളും അദ്ധ്യാപകരും കലോത്സവത്തിൽ പങ്കെടുക്കും. സംഗീത കോളേജുകളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അവതരണങ്ങളും ഫൈൻ ആർട്‌സ് കോളേജ് വിദ്യാർത്ഥികൾ നിർമ്മിച്ച ചിത്രങ്ങളുടെയും ശില്പങ്ങളുടെയും പ്രദർശനവുമാണ് പ്രധാന ആകർഷണങ്ങൾ.
സ’ 22 പരിപാടി എല്ലാ വർഷവും സംഘടിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച മിനി ഇൻഡസ്ട്രിയൽ യൂണിറ്റ് സ്ഥാപിക്കാൻ തൃപ്പൂണിത്തുറ ആർ എൽ വി കോളേജ് ഓഫ് മ്യൂസിക്ക് ആൻഡ് ഫൈൻ ആർട്‌സിന് ഒരു കോടി രൂപയ്ക്ക് ഭരണാനുമതി ആയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ഉപയോഗശൂന്യ വസ്തുക്കൾകൊണ്ട് ശില്പങ്ങൾ നിർമ്മിച്ച് സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികളാണ് മിനി ഇൻഡസ്ട്രിയൽ യൂണിറ്റ് ഏറ്റെടുക്കുക. ആർട്‌സ് ആൻഡ് സയൻസ് കോളേജുകളോട് ചേർന്ന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ചെറുകിട വ്യവസായ യൂണിറ്റുകൾ ആരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായാണിതെന്നും മന്ത്രി ഡോ. ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.