കളിക്കളം കായികമേള സമാപന സമ്മേളനം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ ആറാമത് സംസ്ഥാന തല കായികമേള ‘കളിക്കളം -2022’ന് കൊടിയിറങ്ങി.  കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. കായിക മത്സരങ്ങളില്‍ ഓരോ വിഭാഗങ്ങളിലും ഓവറോള്‍ ചാമ്പ്യന്മാരായ സ്ഥാപനങ്ങള്‍ക്കും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മികച്ച കായികതാരങ്ങള്‍, മികച്ച പരിശീലകന്‍ എന്നിവര്‍ക്കുമുള്ള പുരസ്‌കാരം മന്ത്രി വിതരണം ചെയ്തു. കായിക വിദ്യാഭ്യാസത്തിനായി വകുപ്പ് നടത്തിവരുന്ന നിരവധിയായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിലെ കുട്ടികള്‍ക്കായി പ്രത്യേക പരിശീലനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

മൂന്നുദിവസങ്ങളില്‍ 80 ഇവന്റുകളിലായി 1549 കുട്ടികളാണ് കളിക്കളത്തില്‍ പങ്കെടുത്തത്. 22 എം. ആര്‍ .എസ് 18 പി. ഒ, ടി.ഡി.ഒ (ഹോസ്റ്റല്‍)ടീമുകള്‍ ചേര്‍ന്ന് ആകെ 40 ടീമുകള്‍ ഇത്തവണത്തെ മത്സരങ്ങളില്‍ പങ്കെടുത്തു. സംസ്ഥാന നിലവാരത്തിലുള്ള പ്രകടനങ്ങള്‍ക്കാണ് ഇത്തവണ എല്‍.എന്‍.സി.പി. .ഇ യുടെ മൈതാനങ്ങള്‍ സാക്ഷ്യം വഹിച്ചത്. ഭാവിയുടെ വാഗ്ദാനങ്ങളായ ഒട്ടനവധി കായികതാരങ്ങളെ മുന്നില്‍ കൊണ്ട് വന്ന് അവര്‍ക്ക് പ്രത്യേക പരിശീലനം ഉറപ്പുവരുത്താനും മേളയ്ക്ക് സാധിച്ചു.