സാമ്പത്തികമായ ശാക്തീകരണത്തിലേക്കുള്ള പുതിയ വഴിയാണ് നിയുക്തി മെഗാ തൊഴിൽ മേളയെന്ന് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ. ജില്ലയുടെ വികസനം സാമ്പത്തികമായ ശാക്തീകരണത്തിലൂടെ മാത്രമെ സാധ്യമാകു. ആ സാമ്പത്തിക ശാക്തികരണത്തിലേക്കുള്ള വഴി എല്ലാവരും സ്വയം പര്യാപതമാകുക എന്നതാണെന്നും എം.എൽ.എ പറഞ്ഞു. അതിനു വേണ്ടിയുള്ള പദ്ധതികൾ ഓരോ തലത്തിലും ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നുണ്ടെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭ്യമുഖ്യത്തില്‍ നടത്തിയ തൊഴിൽമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം. എൽ. എ.

മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു . മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മാങ്ങാടൻ, വാർഡ് മെമ്പർമാരായ സി.രാജി, പി.എം സന്തോഷ്, ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ എം.ആർ.രവികുമാർ, ഡബ്ല്യു.എം.ഒ കോളേജ് പ്രിൻസിപ്പൽ ടി.പി. ഫരീദ്, ഡബ്ല്യു.എം.ഒ കോളേജ് മാനേജിംഗ് കമ്മിറ്റി മെമ്പർ കെ.മുഹമ്മദ് ഷാ, പി.ടി.എ.പ്രസിഡന്റ് യു ഇബ്രാഹിം, ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ ടി.പി. ബാലകൃഷ്ണൻ, എംപ്ലോയ്മെന്റ് ഓഫീസർമാരായ എൻ. അജിത് ജോൺ, അബ്ദുൾ റഷീദ് ടി എന്നിവർ സംസാരിച്ചു.
ജില്ലയിലെ പ്രമുഖ ഉദ്യോഗദായകരായ വിംസ്, മലബാര്‍ ഗോള്‍ഡ്, യെസ് ഭാരത്, എച്ച്.ഡി.എഫ്.സി ലൈഫ്, സിന്ദൂര്‍ ടെക്‌സ്റ്റൈയില്‍സ്, സെഞ്ചൂറി ഫാഷന്‍ സിറ്റി, ഇസാഫ് ബാങ്ക് ഉൾപ്പടെ ജില്ലക്കകത്തും പുറത്തും നിന്നുള്ള 35 തൊഴില്‍ദായകർ മേളയില്‍ പങ്കെടുത്തു.