സമൂഹത്തിന്റെ നാനാമേഖലയില്‍ നിന്നുള്ള സംശയങ്ങളും ചോദ്യങ്ങളുമായി കുട്ടികള്‍ അണിനിരന്നപ്പോള്‍ ഉത്തരങ്ങള്‍ പറയാനും അറിവ് പങ്കുവെക്കാനും നേതൃനിര. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സി. ഉബൈദുള്ള, സബ്കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്ത സ്‌കൂള്‍ പാര്‍ലമെന്റാണ് വേറിട്ട വേദിയായി ശ്രദ്ധനേടിയത്. ശിശുദിനത്തോടനുബന്ധിച്ച് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയും സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജിന്റെയും ആഭിമുഖ്യത്തിലാണ് കുട്ടികള്‍ക്കായി ഒരു പാര്‍ലമെന്റ് ഒരുങ്ങിയത്.

പഠനവൈകല്യമുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിഗണന എന്ന വിഷയത്തിലൂന്നിയുള്ള ചോദ്യത്തോടെയായിരുന്നു കുട്ടികളുടെ പാര്‍ലമെന്റിലെ ചര്‍ച്ച തുടങ്ങിയത്. ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍, മാധ്യമ വാര്‍ത്തകളുടെ സത്യാവസ്ഥ, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍, ജെന്റര്‍ ഇക്വാലിറ്റി, തൊഴില്‍ ക്ഷാമം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ ഊന്നിയ ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ കുട്ടികള്‍ ഉയര്‍ത്തി്. ലഹരി ഉപയോഗത്തിന്റെ പ്രതിരോധം ശക്തമാണോ എന്നചോദ്യത്തിന് ലഹരിയുടെ കണ്ണികളാണ് ആദ്യം മുറിയേണ്ടതെന്ന് പാര്‍ലമെന്റില്‍ മറുപടി ഉയര്‍ന്നു. വ്യത്യസ്തവും കാലിക പ്രസക്തവുമായ ചോദ്യങ്ങള്‍ പങ്ക് വെച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരങ്ങള്‍ നല്‍കാനും പാനല്‍ ഉത്സാഹിച്ചു.

സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകളിലെ 30 വിദ്യാലയങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളാണ് പാര്‍ലമെന്റില്‍ പങ്കെടുത്തത്. കുട്ടികള്‍ക്ക് അവരുടെ നിയമപരമായ അവകാശ സംശയങ്ങളും പ്രശ്നങ്ങളും പാനലില്‍ ഉള്‍പ്പെട്ട സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് സി. ഉബൈദുള്ള, സുല്‍ത്താന്‍ ബത്തേരി മുന്‍സിഫ് മജിസ്ട്രേറ്റ് എം.നൂറുന്നിസ, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേഷ്, വയനാട് സി .ഡബ്ലി.യു.സി ചെയര്‍പേഴ്‌സണ്‍ കെ.ഇ ജോസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. അനന്തകൃഷ്ണന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ഉമ്മര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്, ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ സി. കെ.ദിനേശ് തുടങ്ങിയവര്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്തു. ജെന്‍സണ്‍ വാരിയത്ത് മോഡറേറ്റര്‍ ആയിരുന്നു. പാര്‍ലമെന്റിലൂടെ വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവെച്ച പ്രശ്നങ്ങളില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സി. ഉബൈദുള്ള പറഞ്ഞു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഫാ. കെ.പി ജോണ്‍സണ്‍, വി. വിധു തുടങ്ങിയവര്‍ സംസാരിച്ചു.