സംസ്ഥാന യുവജനക്ഷേമ ബോർഡും വേളം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കേരളോത്സവം 2022’ ന് നവംബർ 19 മുതൽ വേളത്ത് തുടക്കമാവും. 27 വരെയാണ് പരിപാടി.
യുവജനങ്ങളുടെ സർഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഹാമേളയാണ് കേരളോത്സവം.

പരിപാടി വൻ വിജയമാക്കി മാറ്റാൻ പഞ്ചായത്തിലെ മുഴുവൻ ആളുകളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ നയീമ കുളമുള്ളതിൽ പറഞ്ഞു.

കലാമത്സരങ്ങൾ പൂളക്കൂൽ വെച്ചും കായിക മത്സരങ്ങൾ കൂളിക്കുന്ന് എം.ബി.എ അക്കാദമിയിലും വോളിബോൾ മത്സരങ്ങൾ കാക്കുനിയിലും കമ്പവലി, ക്രിക്കറ്റ്, തുടങ്ങിയ മത്സരങ്ങൾ പെരുവയലിലും നടക്കും. കായിക മത്സരങ്ങളുടെ എൻട്രി ഫോമുകൾ നവംബർ 18 ന് 5 മണിക്ക് മുമ്പും കലാ മത്സരങ്ങളുടെ ഫോമുകൾ 21 ന് 5 മണിക്ക് മുമ്പും പഞ്ചായത്ത് ഓഫീസിൽ എത്തിക്കണം. പതിനഞ്ചിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മത്സരങ്ങളിൽ പങ്കെടുക്കാം.