വനിതാശിശു വികസന വകുപ്പ് സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ബാലാവകാശ വാരാചരണം ബാലനിധി സ്വരൂപണ ഫണ്ട് ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍വഹിച്ചു. തുടര്‍ന്ന് വനിതാ-ശിശുവികസന വകുപ്പ് സാമൂഹിക സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് ”കരുതലേകാം കാവലാകാം കുരുന്നുകള്‍ക്ക്” എന്ന പേരില്‍ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ ക്യൂ.ആര്‍ കോഡ് ജില്ലാ കലക്ടര്‍ ഏറ്റുവാങ്ങി. ജില്ലയില്‍ സേവനമനുഷ്ഠിക്കുന്ന എല്ലാ ജീവനക്കാരോടും ബാലനിധി ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്ന് കലക്ടര്‍ പറഞ്ഞു.

കേരള സര്‍ക്കാര്‍ വനിതാ-ശിശു വികസന വകുപ്പും ഐ.സി.പി.എസും നടപ്പിലാക്കുന്ന ജെ.ജെ ആക്ട് സെക്ഷന്‍ 105 പ്രകാരം രൂപീകരിച്ച ഫണ്ടാണ് ബാലനിധി (ജുവനൈല്‍ ജസ്റ്റിസ് ഫണ്ട്). നിരാലംബരായ കുട്ടികള്‍ക്ക് പൊതുജന പങ്കാളിത്തത്തോടെ ബാലനിധി നിയമത്തിന്റെ പരിധിയില്‍ വരുന്ന കുട്ടികളുടെ ക്ഷേമം, പുനരധിവാസം, സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിന് പണം സ്വരൂപിക്കുകയാണ് ബാലനിധി പദ്ധതിയുടെ ലക്ഷ്യം.

നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍, ശിശു സംരക്ഷണ സ്ഥാപനത്തിലെ കുട്ടികള്‍, അതിജീവിതരായ കുട്ടികള്‍, ബാല ഭിക്ഷാടനം-ബാലവേലയില്‍ അകപ്പെട്ട കുട്ടികള്‍, അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട കുട്ടികള്‍ എന്നിവര്‍ക്ക് അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, താമസം, മറ്റ് ചെലവുകള്‍ വഹിച്ച് സമൂഹത്തില്‍ ജീവിക്കാന്‍ പ്രാപ്തരാക്കുകയാണ് ബാലസൗഹൃദം പദ്ധതി ലക്ഷ്യം.
പരിപാടിയില്‍ ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍ ടിജു റാച്ചേല്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്. ശുഭ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ജീവനക്കാര്‍, ചൈല്‍ഡ് ലൈന്‍, കാവല്‍ പ്ലസ് പദ്ധതി ജീവനക്കാര്‍, മറ്റ് സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.