* 1,093 ക്യാമ്പുകളിലായി 3,42,699 പേര്‍ 
ദുരിതാശ്വാസം, പുനരധിവാസം എന്നിവ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച വൈകീട്ട് അവലോകനം ചെയ്തു. തിങ്കളാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് 1,093 ക്യാമ്പുകളിലായി 3,42,699 പേരുണ്ട്. ആഗസ്റ്റ് എട്ടുമുതല്‍ ഇന്നു വരെ 322 പേര്‍ മരിച്ചു. ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങിപ്പോകുകയാണ്. എങ്കിലും കുറച്ച് ദിവസംകൂടി ക്യാമ്പുകള്‍ തുടരേണ്ടിവരും. ക്യാമ്പുകളില്‍ ഭക്ഷണം നല്‍കാന്‍ ആവശ്യമായ സാധനങ്ങള്‍ സ്റ്റോക്കുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളില്‍ പമ്പ് ഉപയോഗിച്ച് വെള്ളം ഒഴിവാക്കാനുളള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
കിണറുകള്‍ മലിനമായ സ്ഥലങ്ങളിലും കുടിവെള്ളം വിതരണം മുടങ്ങിയ സ്ഥലങ്ങളിലും വാട്ടര്‍ അതോറിറ്റി വെള്ളം വിതരണം ചെയ്യുന്നുണ്ട്. കുട്ടനാട്, ചെങ്ങന്നൂര്‍ മേഖലകളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുന്നു. ഇതിനുപുറമെ വീടുകളിലും വെള്ളം വിതരണം ചെയ്യുന്നുണ്ട്.
വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കുന്ന പ്രവൃത്തി വേഗത്തില്‍ നടക്കുന്നു. ഇനി 56,000 ഉപഭോക്താക്കള്‍ക്ക് മാത്രമാണ് കണക്ഷന്‍ പുനഃസ്ഥാപിക്കാനുളളത്.
മൃഗങ്ങളുടെ ശവശരീരങ്ങള്‍ മറവ് ചെയ്യുന്നത് മിക്കവാറും പൂര്‍ത്തിയായി. ഇതിനകം നാലു ലക്ഷത്തോളം പക്ഷികളുടെയും 18,532 ചെറിയ മൃഗങ്ങളുടെയും 3,766 വലിയ മൃഗങ്ങളുടെയും ശവങ്ങള്‍ സംസ്‌കരിച്ചു.
അവലോകന യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, നിയമസെക്രട്ടറി ഹരീന്ദ്രനാഥ്, ഫയര്‍ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍,  ഡോ. ബീന, ഡോ. വി. വേണു, കെ.എസ്.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്. പിളള, ഡോ. ഇളങ്കോവന്‍, നളിനി നെറ്റോ, വി.എസ്. സെന്തില്‍, എം. ശിവശങ്കര്‍, എ.ഡി.ജി.പി വിനോദ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.