കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും ചൈല്‍ഡ് ലൈനും ചേര്‍ന്ന് ശിശു ദിന ആഘോഷം സംഘടിപ്പിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ ഡോ.എന്‍. തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് എരഞ്ഞിപ്പാലം കരുണ സ്‌കൂള്‍ ഓഫ് സ്പീച് ആൻഡ് ഹിയറിങ് സ്കൂളിലെ ഭിന്ന ശേഷിക്കാരായ വിദ്യാര്‍ത്ഥികളുമായി ജില്ലാ കലക്ടര്‍ സംവദിച്ചു. കുട്ടികളുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി.
പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്കായി പ്രശസ്ത മജീഷ്യന്‍ ശ്രീജിത്ത് വിയൂരിന്റെ മാജിക് പ്രകടനവും നടന്നു. യൂണിസെഫ് ലോകത്തുടനീളം നടത്തുന്ന സ്പോര്‍ട്സ് ഫോര്‍ ഡെവലപ്‌മെന്റ് എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി ചൈല്‍ഡ്ലൈന്‍ കോഴിക്കോട് നടത്തുന്ന സ്പോര്‍ട്സ് ഫോര്‍ ഡെവലപ്മന്റ് എന്ന കായിക പരിപാടിയുടെ ലോഗോ പ്രകാശനവും ചടങ്ങില്‍ നടന്നു.
ജില്ലാ ജഡ്ജും ലേബര്‍ കോര്‍ട്ട് പ്രിസൈഡിങ് ഓഫീസറുമായ വി.എസ് വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു. ചൈല്‍ഡ് ലൈന്‍ ഡയറക്ടറും ഫാറൂഖ് കോളജ് പ്രിന്‍സിപ്പലുമായ ഡോ.കെ.എം നസീര്‍, എസിപി എ. ഉമേഷ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അബ്ദുൾ നാസർ, ചൈൽഡ് ലൈൻ ജില്ലാ കോർഡിനേറ്റർ മുഹമ്മദ് അഫ്‌സൽ കെ.കെ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.ഷൈനി, ചൈൽഡ് ലൈൻ കോർഡിനേറ്റർ ബിനോയ് പുത്തൂർ തുടങ്ങിയവർ പങ്കെടുത്തു.