കുരുന്നുകൾക്ക് മികച്ച പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്നു തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കച്ചേരിക്കുന്ന് ഗവ എൽ പി സ്കൂളിലെ മോഡൽ പ്രീ പ്രൈമറിയുടെയും സ്കൂളിലെ ശിശുദിനാഘോഷപരിപാടികളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സ്കൂളുകളിൽ കൂടുതൽ മികവാർന്ന പഠന പ്രവർത്തനങ്ങൾ ഒരുക്കുകയും കുട്ടികളുടെ മാനസിക വികാസത്തിന് ഉതകുന്ന സാഹചര്യം ഉണ്ടാക്കുകയും ചെയ്യേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 2021 – 22 അധ്യയന വർഷത്തിൽ സമഗ്ര ശിക്ഷ കേരളത്തിന്റെ സ്റ്റാർസ് പദ്ധതി പ്രകാരം അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്കൂളിലെ പ്രൈമറി മോഡൽ പ്രീ പ്രൈമറിയായി ഉയർത്തിയത്. കുട്ടികളുടെ മാനസിക കായിക ആരോഗ്യ വികസനത്തിനാവശ്യമായ കളിപ്പാട്ടങ്ങൾ, ക്ലാസ് മുറികളിലേക്കുള്ള ഫർണിച്ചറുകൾ എന്നിവ വാങ്ങുകയും കുളം ചരിത്രപുസ്തകം മുത്തശ്ശി മരം എന്നിവ നിർമ്മിക്കുകയും നാല് ക്ലാസ് മുറികൾ വൈദ്യുതീകരിക്കുകയും ചെയ്തു.

കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി രേഖ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഓമന മധു, കൗൺസിലർ ഈസ അഹമ്മദ്, കോഴിക്കോട് ഡി ഇ ഒ കെ പി ധനേഷ്, ബി പി സി യു ആർ സി കോഴിക്കോട് സൗത്ത് വി.പ്രവീൺകുമാർ, പിടിഎ പ്രസിഡന്റ് കെ സുധേഷ്, എസ് എം സി ചെയർമാൻ എൻ പ്രസാദ്, എം പി ടി എ ചെയർപേഴ്സൺ ഫലീല റഫീഖ് തുടങ്ങിയവർ സംസാരിച്ചു. എസ് എസ് കെ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ഡോ.എ കെ അബ്ദുൾ ഹക്കീം സ്വാഗതവും ഹെഡ്മാസ്റ്റർ കെ കെ സൈനുദ്ദീൻ നന്ദിയും പറഞ്ഞു.