സാമുവൽ ടെയ്‌ലർ കോൾറിഡ്ജ്ന്റെ വരികൾക്ക് “വെള്ളം വെള്ളം സർവത്ര തുള്ളി കുടിപ്പാനില്ലത്രേ” എന്ന് മനോഹരമായ പരിഭാഷ ഒരുക്കിയത് സീതി സാഹിബാണെന്ന് ഓർമിപ്പിക്കുന്നു കൊടുങ്ങല്ലൂർ കെ കെ ടി എം കോളേജിലെ കേരള നിയമസഭാ ചരിത്ര പ്രദർശനം.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേരള നിയമസഭാ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ കയ്പ്പമംഗലം നിയോജക മണ്ഡലത്തിലെ പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൽ സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവ് ചരിത്ര പ്രദർശനത്തിലെ ഫോട്ടോ – വീഡിയോ പ്രദർശനത്തിലാണ് ഈ സ്മരണ. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി 1925ൽ തിരുവനന്തപുരത്ത് നടന്ന സ്വാതന്ത്രസമര മഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗം സീതി സാഹിബ് പരിഭാഷപ്പെടുത്തിയ സംഭവവും വിവരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലാണ് ഈ വരികൾ രേഖപ്പെടുത്തിയിട്ടുള്ളത്. കെ എം സീതി സാഹിബിന്റെ ജന്മനാട്ടിലാണ് ഇത്തരം ഒരു പ്രദർശനം എന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 1925ൽ ആദ്യമായി തിരുവനന്തപുരത്തെത്തിയ മഹാത്മാ ഗാന്ധി കന്റോൺമെന്റ് മൈതാനത്ത് നടന്ന പൌരസ്വീകരണ മഹാസമ്മേളനത്തെ അഭിസംബോധന ചെയ്തപ്പോൾ ലോ കോളേജ് വിദ്യാർഥിയായ സീതിസാഹിബിനാണ് പരിഭാഷ നിർവഹിക്കാൻ അവസരം കിട്ടിയത്. വാട്ടർ വാട്ടർ എവരിവേർ നോട്ട് എ ഡ്രോപ്പ് ടു ഡ്രിങ്ക് (Water, water, every where, Nor any drop to drink) എന്ന കോൾറിഡ്ജ്ന്റെ പ്രശസ്തമായ വരികൾ ഗാന്ധിജി ഉദ്ധരിച്ചപ്പോൾ സീതിസാഹിബ് ഉടനടി പരിഭാഷപ്പെടുത്തി എക്കാലത്തേക്കുമായി മലയാളിക്ക് സമ്മാനിക്കുകയായിരുന്നു. തന്റെ പ്രസംഗത്തിന്റെ പരിഭാഷ കേട്ട് ആവേശഭരിതരായ ജനങ്ങളെ കണ്ട് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി സീതിസാഹിബിനെ ആശ്ലേഷിക്കുകയും ഇനിയുള്ള യാത്രയിൽ തന്റെ പ്രസംഗം സീതി പരിഭാഷപ്പെടുത്തിയാൽ മതിയെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.
ആ നിമിഷങ്ങൾ സമ്മാനിച്ച സമ്മേളനത്തിലെ പരിഭാഷകനായിരുന്ന കെ എം സീതി സാഹിബ് സ്വാതന്ത്ര്യസമര സേനാനിയും കേരള നവോത്ഥാനനായകനും പിൽക്കാലത്ത് കേരള നിയമസഭയുടെ സ്പീക്കറുമായി. കൊടുങ്ങല്ലൂർ താലൂക്കിലെ അഴിക്കോട് ഗ്രാമത്തിൽ കോട്ടപ്പുറത്ത് നമ്പൂരിമഠം തറവാട്ടിൽ 1899ലായിരുന്നു ജനനം. സ്പീക്കറായിരിക്കെ 1961 ഏപ്രിൽ 17നായിരുന്നു മരണം. 1992ൽ കേരള സർക്കാർ പുറത്തിറക്കിയ സീതി സാഹിബ് എന്ന പുസ്തകത്തെ അവലംബിച്ചാണ് നിയമസഭാ മ്യൂസിയത്തിന്റെ പ്രദർശനത്തിൽ ഫോട്ടോ ഉൾപ്പെട്ടുത്തിയത്.