ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പെരുനാട്, വടശ്ശേരിക്കര, റാന്നി- പഴവങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ അക്ഷയ കേന്ദ്രങ്ങള്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകളായി പ്രവര്‍ത്തിപ്പിക്കുമെന്ന് ഐടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു. മടത്തുംമൂഴി, തുലാപ്പള്ളി, വടശ്ശേരിക്കര, റാന്നി ഇട്ടിയപ്പാറ എന്നീ അക്ഷയ കേന്ദ്രങ്ങളാണ് തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ഇന്‍ഫര്‍മേഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുക.

വ്യര്‍ച്ചല്‍ ക്യൂ ബുക്കിംഗ്, റെയില്‍വേ ടിക്കറ്റ് , വിമാന യാത്ര ടിക്കറ്റ്, കെഎസ്ആര്‍ടിസി ടിക്കറ്റ് എന്നിവ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും, ആധാര്‍, മൊബൈല്‍ റീചാര്‍ജിംഗ് തുടങ്ങിയ സേവനങ്ങളും അക്ഷയ ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ ലഭ്യമാകും. കൂടാതെ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കും. അക്ഷയ സംരംഭകരായ എന്‍. കൃഷ്ണദാസ്, കെ. വി ബിനു, റ്റി.വി കുര്യന്‍, കെ.രാധാകൃഷ്ണന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അക്ഷയ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്.