ആനപ്പാറ ഗവ. ഹൈസ്‌കൂളിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി കൈകോര്‍ത്ത് ബെവ്‌കോ. കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ സിഎസ്ആര്‍ ഫണ്ട് വിനിയോഗിച്ച് സ്‌കൂളിനായി വാങ്ങിയ ഡിജിറ്റല്‍ പഠനോപകരണങ്ങളുടെയും ഫര്‍ണിച്ചറുകളുടെയും ഔദ്യോഗിക വിതരണം ജി.സ്റ്റീഫന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെഎസ്ബിസി ജനറല്‍ മാനേജര്‍ വിശ്വനാഥന്‍ ഉപകരണങ്ങള്‍ സ്‌കൂളിന് കൈമാറി.

നേഴ്സറി, എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 235 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്.  എല്ലാ ക്ലാസ്സ് മുറികള്‍ക്കുമുള്ള  ഫര്‍ണിച്ചറുകള്‍, കമ്പ്യൂട്ടര്‍ ലാബിലേക്ക് 20 ലാപ്ടോപ്പുകള്‍ എന്നിവയാണ്  സ്‌കൂളിനായി നല്‍കിയത്. കൂടാതെ സ്‌കൂള്‍ റേഡിയോയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റവും ക്ലാസ്സുകളില്‍ സജ്ജീകരിച്ചു. പദ്ധതിയുടെ ഭാഗമായി പാചകപ്പുരയുടെ നവീകരണവും നടത്തി. സിഎസ്ആര്‍ ഫണ്ടില്‍ നിന്നും 18,58,718 രൂപയാണ് ഇതിനായി ചെലവഴിച്ചത്.