സമഗ്രശിക്ഷ കേരളത്തിന്റെ ഭാഗമായി ജില്ലയില്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല പദ്ധതി രൂപീകരണ യോഗം ചേര്‍ന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷയായി.
ജില്ലയിലെ 13 ബ്ലോക്കുകളിലായി തിരഞ്ഞെടുത്ത വി.എച്ച്.എസ്.ഇ. സ്‌കൂളുകളിലാണ് നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്കും നിലവില്‍ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി/ഹയര്‍ സെക്കന്‍ഡറി പഠനം തുടരുന്ന വിദ്യാര്‍ഥികള്‍ക്കുമാണ് നൈപുണി വികസന കോഴ്‌സുകള്‍ ആരംഭിക്കുന്നത്. പ്രാദേശിക തൊഴില്‍ സാധ്യതകള്‍ക്കനുസൃതമായി വൈദഗ്ധ്യം നല്‍കല്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ഉപജീവനം ഉറപ്പാക്കുക, തൊഴില്‍ സാധ്യതകള്‍ക്കനുസരിച്ച് യുവജനങ്ങളെ പ്രാപ്തരാക്കുക ലക്ഷ്യമിട്ടാണ് വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ, ജില്ല പഞ്ചായത്ത് അംഗം പത്മിനി, സമഗ്ര ശിക്ഷാ കേരളം ജില്ല പ്രൊജക്ട് ഓഫീസര്‍ സി. സുരേഷ് കുമാര്‍, എസ്.ഡി.സി. മേഖല കോ-ഓര്‍ഡിനേറ്റര്‍ ബി. അജയ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ്കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി. ശശിധരന്‍, എസ്.എസ്.കെ ജില്ലാ പ്രോഗാം ഓഫീസര്‍ എം.ആര്‍ മഹേഷ് കുമാര്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
