വനിതാ കമ്മീഷൻ അദാലത്ത് 57 പരാതികൾ, 15 എണ്ണം തീർപ്പായി

മികച്ച പ്രവർത്തനം കാഴ്ച്ച വെയ്ക്കുന്ന ജാഗ്രതാസമിതികൾക്ക് നാല് തലങ്ങളിലായി അവാർഡുകൾ ഏർപെടുത്തുമെന്നും ലിംഗനീതി സംബന്ധിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാനതല സെമിനാർ അടുത്ത മാസം തൃശ്ശൂർ ജില്ലയിൽ വച്ച് നടത്തുമെന്നും വനിത കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി അറിയിച്ചു. സർക്കാർ ഗസറ്റ് ഹൗസിൽ നടന്ന വനിത കമ്മീഷൻ അദാലത്തിനു ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അധ്യക്ഷ.

ഗാർഹിക പീഡന പരാതികൾ ഏറി വരുന്ന പ്രവണത ആശങ്കാജനകമാണ്. വിവാഹപൂർവ കൗൺസിലിംഗുകൾ വനിതാ കമ്മീഷന്റെ നേതൃതത്തിൽ നൽകുമെന്നും പി സതീദേവി പറഞ്ഞു.

സർക്കാർ ഗസറ്റ് ഹൗസിൽ നടന്ന വനിത കമ്മീഷൻ അദാലത്തിൽ ആകെ 57 പരാതികൾ പരിഗണിച്ചു. 15 പരാതികൾ തീർപ്പാക്കി. 4 പരാതി പോലീസിന്റെ റിപ്പോർട്ടിനായി നൽകി. 2 പരാതികൾ ലീഗൽ അതോറിറ്റിക്ക് കൈമാറി. 36 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. അദാലത്തിൽ കമ്മീഷൻ അംഗമായ അഡ്വ ഇന്ദിര രവീന്ദ്രൻ, അഡ്വ. സജിത അനിൽ, അഡ്വ. സുനിത കെ എ, കൗൺസിലർ മാലാ രമണൻ എന്നിവർ പങ്കെടുത്തു.