*ബേഗൂർ പി.എച്ച്.സി ഇനി കുടുംബാരോഗ്യ കേന്ദ്രം

ആരോഗ്യ സ്ഥാപനങ്ങളെ കൂടുതൽ ജന സൗഹൃദമാക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ആരോഗ്യ- വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ബേഗൂർ പി.എച്ച്.സി യെ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിക്കുന്നതിൻ്റെയും പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ബേഗൂർ കുടുംബാരോഗ്യ കേന്ദ്രം തിരുനെല്ലി ഗ്രാമപഞ്ചായത്തിൻ്റെ വികസന നാഴികക്കല്ലായി മാറിയെന്നും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ സംവിധാനങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ കുത്തിവെപ്പ് രംഗത്ത് തിരുനെല്ലി പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ചടങ്ങിൽ ഒ.ആർ കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു.

ആരോഗ്യ വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. മുപ്പത് വർഷങ്ങൾക്ക് മുമ്പ് കാട്ടിക്കുളത്ത് ബേഗൂർ ഫോറസ്റ്റ് ഡിസ്പെൻസറി എന്ന പേരിൽ പ്രവർത്തനമാരംഭിച്ച സ്ഥാപനത്തെ 1990 ൽ ആരോഗ്യ വകുപ്പ് ഏറ്റെടുക്കുകയും തസ്തികകൾ സൃഷ്ടിച്ച് ബേഗൂർ പ്രാഥമികാരോഗ്യ കേന്ദ്രമാക്കി പ്രവർത്തന മാരംഭിക്കുകയും ചെയ്തു. 1990 മുതൽ വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിന് സർക്കാർ സ്ഥലം അനുവദിക്കുകയും 2014ൽ സ്വന്തമായി കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 2021 ഫെബ്രുവരിയിൽ തിരുനെല്ലി പഞ്ചായത്തിൻ്റെ സഹായത്തോടെ ലബോറട്ടറിയുടെ പ്രവർത്തനവും ആരംഭിച്ചു. 2017ൽ കായ കൽപ്പ പുരസ്ക്കാരവും സ്ഥാപനത്തിന് ലഭിച്ചു.

ഉദ്ഘാടന ചടങ്ങിൽ ഡി.എം.ഒ ഇൻ ചാർജ് ഡോ. പി ദിനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.എച്ച് റഫീഖ് ടെക്നിക്കൽ റിപ്പോർട്ട് അവതരണം നടത്തി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എ.എൻ സുശീല , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ജയഭാരതി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബി.എം വിമല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.ടി വത്സലകുമാരി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ ഹരീന്ദ്രൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റുഖിയ സൈനുദ്ദീൻ, വാർഡ് മെമ്പർ രജനി ബാലരാജു, ഡി.പി.എം ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ പ്രീയസേനൻ, ആർദ്രം നോഡൽ ഓഫീസർ ഡോ. സുഷമ, സി.ഡി.എസ് ചെയർപേഴ്സൺ പി.സൗമിനി, മെഡിക്കൽ ഓഫീസർമാരായ ഡോ. അജിത്ത് അഗസ്റ്റിൻ, ജെറിൻ.എസ്.ജെറോഡ്, പഞ്ചായത്ത് സെക്രട്ടറി വി. ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു