ദേശീയ ടെലി കൺസൾട്ടേഷൻ സർവീസായ ഇ- സഞ്ജീവനി സേവനങ്ങൾ ജില്ലയിൽ ശക്തിപ്പെടുത്തുന്നതിന് കുടുംബശ്രീകൾക്ക് പരിശീലനം നൽകും. എ.ഡി.എം എൻ.ഐ ഷാജുവിൻ്റെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ഇ- സഞ്ജീവിനി ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം.

ഇ-സഞ്ജീവനിയിലൂടെ രോഗിക്ക് ഡോക്ടറെ ഓൺലൈനായി നേരിട്ട് കണ്ട് ചികിത്സ നേടാനും, ഫീൽഡിലുള്ള ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കാം. ഡോക്ടർ ഡോക്ടർ കൺസൾട്ടേഷനും നടത്താം.
രോഗിക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന് ടെലി കൺസൾട്ടേഷൻ സംവിധാനമുണ്ടെന്ന് പൊതു ജനങ്ങൾക്കിടയിൽ അവബോധമുണ്ടാക്കും. ഇതിനായി കുടുംബശ്രീകൾക്ക് പരിശീലനം നൽകും. എ.ഡി.എസ്, സി.ഡി.എസ് യൂണിറ്റുകളെയും പരിശീലനത്തിൽ ഉൾപ്പെടുത്തും.

ഡോക്ടർ – ഡോക്ടർ കൺസൾട്ടെഷൻ ശക്തിപ്പെടുത്തുന്നതിനായി കുട്ടികൾക്കായി പ്രവർത്തിക്കുന്ന ആർ.ബി.എസ്.കെ നേഴ്സുമാർക്കും പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. കിടപ്പ് രോഗികളുടെ ചികിത്സകായി പ്രവർത്തിക്കുന്ന പാലിയേറ്റീവ് നേഴ്സുകളുടെ ബാച്ചിൻ്റെ പരിശീലനവും പൂർത്തിയാക്കും. ഇതിന് പുറമെ സർക്കാർ ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരെയും ഉൾക്കൊളളിച്ച് ഇ- സഞ്ജീവിനിയുടെ പ്രവർത്തനം കൂടുതൽ വ്യാപിപിക്കാനും യോഗത്തിൽ തീരുമാനമായി. ആരോഗ്യ മേഖലയിലെ ഹെൽത്ത് ആൻ്റ് വെൽനസ്സ് സെൻ്ററുകളിലും, അവയുടെ സബ് സെൻ്ററുകളിലും, സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ലാപ്ടോപ്പ് പോലുള്ള സൗകര്യങ്ങൾ ഒരുക്കാനും തീരുമാനിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിൻ ജോസഫ് വിഷയം അവതരിപ്പിച്ചു. എസ്.എച്ച്.എസ്.ആർ.സി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. വി. ജിതേഷ്, ഡി.എം.ഒ ഇൻ ചാർജ്ജ് പി. ദിനേശ്, ഡി.പി.എം സമീഹാ സെയ്തലവി, ആർദ്രം നോഡൽ ഓഫീസർ ഡോ. പി. സുഷമ, ആർ.സി.ച്ച് ഓഫീസർ ഡോ. ഷിജിൻ ജോൺ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയാ സേനൻ, ആരോഗ്യ വകുപ്പിലെ പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.