‘ജാലകം’ പ്രകാശനം ചെയ്തു
മുഖ്യധാരാ സമൂഹത്തോടൊപ്പം സഞ്ചരിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കു കഴിയണമെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. പൊതുധാരയുടെ ഭാഗമാണെന്ന ബോധ്യത്തോടെ, ഞങ്ങള്‍ക്കും എല്ലാം കഴിയുമെന്ന വിശ്വാസത്തോടെ മടിച്ചുനില്‍ക്കാതെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ മുന്നോട്ടുവരണം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് പൈലറ്റ് വരെ ഉണ്ടായ സമൂഹമാണ് നമ്മുടേത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ പഴയപോലെ പൊതുസമൂഹം ഇന്ന് പരിഹസിക്കാന്‍ തയ്യാറല്ലെന്നും പലവിധത്തിലുള്ള അപകര്‍ഷതാബോധം മാറ്റിവച്ചു മുന്നോട്ടുവരണമെന്നും നിയമസഭ സ്പീക്കര്‍ പറഞ്ഞു.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിന്റെ (കിലെ) നേതൃത്വത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ തൊഴില്‍പരവും സാമൂഹികവുമായ ക്ഷേമത്തിനു മുതല്‍ക്കൂട്ടാകുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ‘ജാലകം’ എന്ന ആരോഗ്യക്ഷേമ പുസ്തകത്തിന്റെ പ്രകാശനവും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി തൊഴില്‍ പരിശീലനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ നയം പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ മറ്റ് ഏത് വിഭാഗത്തെയും പോലെ ഉള്‍ക്കൊള്ളാന്‍ തയ്യാറായ നാടാണ് നമ്മുടേത്. മുന്‍കാലങ്ങളില്‍ പൊതുസമൂഹത്തില്‍ പലവിധ അവഹേളനങ്ങള്‍ നേരിട്ടവര്‍ ഇന്ന് എല്ലാ രംഗത്തും അംഗീകരിക്കപ്പെടുകയാണ്. പൊതുസമൂഹം എല്ലാരംഗത്തും അവരെ ഉള്‍ക്കൊള്ളുന്നു. നിസംഗത മാറ്റിവച്ച് എല്ലാം ഞങ്ങള്‍ക്കു സാധ്യമാണെന്ന് ചിന്തിക്കാന്‍ കഴിയണമെന്നും സ്പീക്കര്‍ പറഞ്ഞു.
വ്യത്യസ്തമായ ദൗത്യമാണ് കിലെ ഏറ്റെടുത്തിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ആരോഗ്യവും ക്ഷേമവും സംബന്ധിച്ച പുസ്തകം ഇറക്കാന്‍ കഴിഞ്ഞതും അഭിനന്ദനാര്‍ഹമാണ്. തൊഴില്‍പരമായ നൈപുണ്യം നല്‍കുന്നതിനായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി പരിശീലനവും കിലെ നല്‍കുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളാണ് സാഹല്യം, കരുതല്‍, യജ്ഞം എന്നിവയെന്നും അവ പ്രയോജനപ്പെടുത്തണമെന്നും സ്പീക്കര്‍ പറഞ്ഞു.
എറണാകുളം ബി.ടി.എച്ചില്‍ നടന്ന പരിപാടിയില്‍ കിലെ ചെയര്‍മാന്‍ കെ.എന്‍ ഗോപിനാഥ് അധ്യക്ഷതവഹിച്ചു. വിവിധ മേഖലകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ മികവുതെളിയിച്ച വിജയരാജ മല്ലിക, ഡോ.വി.എസ് പ്രിയ, ഹെയ്തി സാദിയ, പ്രവീണ്‍നാഥ്, ശ്രുതി സിത്താര, ഹൃതിക എന്നിവരെ കൊച്ചി മേയര്‍ അഡ്വ.എം.അനില്‍കുമാര്‍ ആദരിച്ചു.
കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ്, നടിമാരായ സജിത മഠത്തില്‍, ദിവ്യ ഗോപിനാഥ്, കിലെ എക്‌സിക്യുട്ടീവ് അംഗം ജി.ബൈജു, സാഹിത്യകാരി വിജയരാജ മല്ലിക, സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രെഞ്ചു രെഞ്ജിമാര്‍, കിലെ സീനിയര്‍ ഫെലോ ജെ.എന്‍ കിരണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എന്താണ് ജാലകം?
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെക്കുറിച്ചും അവരുമായ ബന്ധപ്പെട്ട ശസ്ത്രക്രിയ, ഹോര്‍മോണ്‍ ചികിത്സ, വ്യായാമം, തൊഴില്‍ജീവിതം. പദ്ധതികള്‍/നയങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുസ്തകമാണ് ജാലകം. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിന്റെ (കിലെ) നേതൃത്വത്തിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ തൊഴില്‍പരവും സാമൂഹികവുമായ ക്ഷേമത്തിന് മുതല്‍ക്കൂട്ടാകുന്ന ‘ജാലകം’ എന്ന ആരോഗ്യക്ഷേമ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.