വയനാട് ജില്ലയിലെ രണ്ടാമത്തെ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ കീഴില്‍ കുപ്പാടിയിലാണ് ജില്ലയിലെ രണ്ടാമത്തെ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്.
2400 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണത്തിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. മെഡിക്കല്‍ ഓഫിസര്‍- 1, സ്റ്റാഫ് നഴ്‌സ്- 2, ലാബ് ടെക്‌നീഷ്യന്‍- 1, ഫാര്‍മസിസ്റ്റ്- 1, സപ്പോര്‍ട്ടിങ് സ്റ്റാഫ്- 1 എന്നിങ്ങനെ ജീവനക്കാരെ എന്‍.എച്ച്.എം നിയമിച്ചിട്ടുണ്ട്. നഗരാരോഗ്യ കേന്ദ്രത്തിലെ ഉപകരണങ്ങള്‍ അടക്കമുള്ള ഭൗതിക സംവിധാനങ്ങളും അവശ്യമരുന്നുകളും എന്‍എച്ച്എം ഉറപ്പുവരുത്തിയിട്ടുണ്ട്. ഉച്ചക്ക് 2 മുതല്‍, രാത്രി 8 വരെ ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനവും, ലാബ് സൗകര്യവും ലഭ്യമാകും.
ചടങ്ങില്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാമില ജുനൈസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ്. ലിഷ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി പൗലോസ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. റഷീദ്, ആരോഗ്യ കേരളം ഡി.പി.എം സമീഹ സെയ്തലവി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
സബ് സെന്ററുകള്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തി
ജില്ലയിലെ വിവിധ ഹെല്‍ത്ത് സെന്ററുകളെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ഉയര്‍ത്തി. മാനന്തവാടി നിയോജക മണ്ഡലത്തിലെ തിരുനെല്ലി, പനവല്ലി, കൂമ്പാരക്കുനി, അരണപ്പാറ, തെക്കോട്ട് കോളനി, പുതുശ്ശേരിക്കടവ്, എള്ളുമന്ദം, കല്ലോടി, കുഴിനിലം, കുന്നമംഗലം, തേറ്റമല, ചെറുകര, ബാവലി, ഏച്ചോം സബ് സെന്ററുകളെയും കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ചീക്കല്ലൂര്‍, എടപ്പെട്ടി, കുന്നമ്പറ്റ, തൃക്കൈപ്പറ്റ, പനങ്കണ്ടി, മെച്ചന, കല്‍പ്പറ്റ സൗത്ത്, കൈനാട്ടി, പേരാല്‍, കുറുമ്പാല, കാലിക്കുനി, അത്തിമൂല, വാരാമ്പറ്റ, ചുണ്ടേല്‍ സബ് സെന്ററുകളെയും ബത്തേരി നിയോജക മണ്ഡലത്തിലെ കുപ്പാടി, അമരക്കുനി, ആടിക്കൊല്ലി, ചാമപ്പാറ, പട്ടാണിക്കൂപ്പ്, ശശിമല, വടക്കനാട്, മൂഴിമല സബ് സെന്ററുകളെയുമാണ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളാക്കി ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ചത്.