‘ദുരന്ത റിപ്പോർട്ടിങ്ങിൽ മാധ്യമ പ്രവർത്തകർ ശ്രദ്ധിക്കേണ്ടത് ‘ എന്ന വിഷയത്തിൽ ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസ് തൊടുപുഴഇടുക്കി പ്രസ് ക്ലബ്ബിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്.ഡി.എം.എ.) ഹസാര്‍ഡ് അനലിസ്റ്റ് ഫഹദ് മര്‍സൂക്ക് ക്ലാസ് നയിച്ചു.ദുരന്ത മേഖലയിലെ റിപ്പോർട്ടിങ് ഭയപ്പെടുത്തുന്നതാകരുതെന്നും സുരക്ഷക്ക് പ്രാധാന്യം നൽകിയുള്ള റിപ്പോർട്ടിങ്ങാണ് നടത്തേണ്ടതെന്നും
അദ്ദേഹം വിശദീകരിച്ചു.

പ്രകൃതി ക്ഷോഭങ്ങളുമായി ബന്ധപ്പെട്ട വാർത്തകളിലും ചിത്രങ്ങളിലും യാഥാർത്ഥ്യത്തിന് നിരക്കാത്ത സമീപനങ്ങൾ ഒഴിവാക്കണം.
സുരക്ഷാ മുന്നോരുക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി മാത്രം പങ്കുവെയ്ക്കുന്നതിന്റെ പ്രാധാന്യം, വിവരങ്ങൾ സമയബന്ധിതമായി നൽകുന്നതിനുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ,ഒരു ദുരന്തമുണ്ടായാൽ ആ പ്രദേശത്തെക്കുറിച്ചുള്ള ധാരണയുടെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങൾ സെമിനാറിൽ പരാമർശിച്ചു.

ദുരന്തമുണ്ടാകുന്ന പ്രദേശങ്ങളിലേക്ക് കടന്നു ചെല്ലുന്ന മാധ്യമ പ്രവർത്തകർ സ്വയം മുന്നെരുക്കങ്ങൾ സ്വീകരിക്കേണ്ടതിന് അറിയേണ്ട കാര്യങ്ങൾ, ധരിക്കേണ്ട വസ്ത്രങ്ങൾ, കൈവശമുണ്ടാവേണ്ട സാങ്കേതിക സംവിധാനങ്ങൾ, പ്രാഥമിക ശ്രുശ്രൂഷ കിറ്റ്/അറിവ്, തുടങ്ങിയ കാര്യങ്ങളും വിശദീകരിച്ചു.
ആധുനിക സമൂഹമാധ്യമങ്ങളുടെ ആവിര്‍ഭാവത്തോടെ ദുരന്ത റിപ്പോര്‍ട്ടിങ് നിര്‍വ്വഹിക്കുമ്പോള്‍ മാധ്യമ ലേഖകര്‍ സ്വീകരിക്കേണ്ട പുതിയ സങ്കേതങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്ക് ക്ലാസിനൊടുവിൽ മറുപടി നൽകി.

മാധ്യമ പ്രവർത്തകനായ ജോമോൻ വി. സേവ്യറുടെ നിര്യാണത്തെ തുടർന്ന് ഔദ്യോഗിക ഉദ്ഘാടനം ഒഴിവാക്കിയാണ് സെമിനാർ സംഘടിപ്പിച്ചത്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍, പ്രസ് ക്ലബ് സെക്രട്ടറി ജെയ്സ് വാട്ടപ്പിള്ളില്‍ മുതിർന്ന മാധ്യമ പ്രവർത്തകൻ ഹാരിസ് മുഹമ്മദ് തുടങ്ങിയർ സംസാരിച്ചു. ജില്ലയിലെ നിരവധി മാധ്യമ പ്രവർത്തകർ പങ്കെടുത്തു.