കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെറായി, ഞാറക്കൽ ഓഫീസുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഹായധന വിതരണവും ബോധവത്കരണ ക്ലാസ്സും കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മൂന്നു വിഭാഗം ഗുണഭോക്താക്കൾക്കായി 24 ലക്ഷം രൂപ സഹായധനം കൈമാറി.

എടവനക്കാട് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻറ് അസീന അബ്ദുൽസലാം, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രമണി അജയൻ, ചെറായി – ഞാറക്കൽ ക്ഷേമസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ചെറായി ഫിഷറീസ് ഓഫീസർ കെ.പി പ്രബിത, ഞാറക്കൽ ഫിഷറീസ് ഓഫീസർ സൗമ്യ സുരേഷ് എന്നിവർ ബോധവൽക്കരണ ക്ലാസ് എടുത്തു.

അപകടമരണം സംഭവിച്ച ഞാറക്കൽ ഫിഷറീസ് ഓഫീസിലെ അംഗം ജബ്ബാറിന്റെ ആശ്രിത റുഖിയക്ക് പത്തുലക്ഷം രൂപയുടെ ചെക്ക് കൈമാറി. മത്സ്യത്തൊഴിലാളികളുടെയും മേഖലയിലെ അനുബന്ധ തൊഴിലാളികളുടെയും ആശ്രിതർക്ക് മരണാനന്തര ധനസഹായമായി രണ്ടുലക്ഷത്തി മുപ്പതിനായിരം രൂപയുടെ ചെക്കാണ് നൽകിയത്. വിവാഹ ധനസഹായമായി 11 ലക്ഷത്തി എഴുപതിനായിരം രൂപ ബാങ്ക് മുഖേനയാണ് ലഭ്യമാക്കുന്നത്. എം.എസ്.സി ബോട്ടണി പരീക്ഷയ്ക്ക് ഒന്നാം റാങ്ക് നേടിയ നിവേദിത ഷാജിയെ ചടങ്ങിൽ ആദരിച്ചു.