ആലപ്പുഴ: അലപ്പുഴയെ സമ്പൂര്‍ണ ലഹരിവിമുക്ത മണ്ഡലമാക്കുന്നതിനായി പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായിസംഘടിപ്പിച്ച കരുതല്‍- ഗോള്‍ വണ്ടിയുടെ മണ്ഡലതല ഉദ്ഘാടനം കലവൂര്‍ ജി.എച്ച്.എസ്. സ്‌കൂളില്‍ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഗോളടിച്ച് നിര്‍വഹിച്ചു. പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മണ്ഡലത്തെ സമ്പൂര്‍ണ ലഹരി വിമുക്തമാക്കുന്നതിനായി നടപ്പാക്കുന്ന കരുതല്‍ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും ഗോള്‍വണ്ടി എത്തും.

സ്‌കൂളിലെ കായിക താരങ്ങള്‍, വിദ്യാര്‍ഥികള്‍, എസ്.പി.സി, എന്‍.എസ്.എസ് കേഡറ്റുകള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഗോളടിച്ചു ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി.
തുടര്‍ന്ന് എസ്.ഡി കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളന്റിയേഴ്സ് ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു.

തദ്ദേശസ്ഥാപനങ്ങളും ഓഫീസുകളും കമ്പനികളും ഐ.ടി പാര്‍ക്കുകളും അയല്‍ക്കൂട്ടങ്ങളുമെല്ലാം ഗോള്‍ ചലഞ്ചിന്റെ ഭാഗമാകും. മയക്കുമരുന്നിനെതിരെയുള്ള രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായാണ് ഗോള്‍ ചലഞ്ച് നടത്തുന്നത്.

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.റ്റി.വി അജിത്കുമാര്‍, ജില്ല പഞ്ചായത്ത് അംഗം അഡ്വ. ആര്‍. റിയാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.എസ്. സുയാമോള്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി. ഉല്ലാസ്, പഞ്ചായത്ത് അംഗം തിലകമ്മ വാസുദേവന്‍, എക്‌സൈസ് സി.ഐ. വൈ. പ്രസാദ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്‍. മഞ്ജു, പ്രധാന അധ്യാപിക ജെ. ഗീത, പി.ടി.എ. പ്രസിഡന്റ് വി.വി. മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.