ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ‘കാണാകാഴ്ചകൾ’ ഒരുക്കി കൊടകര ബിആർസി. വിവിധ ഗതാഗത മാർഗങ്ങളിലൂടെ യാത്ര ചെയ്ത് ഇതുവരെ കാണാത്തതും അറിയാത്തതുമായ അനുഭവങ്ങൾ സ്വന്തമാക്കുകയായിരുന്നു അവർ. ട്രെയിനും മെട്രോയും ബോട്ടുമൊക്കെ ആദ്യമായി കണ്ടവരായിരുന്നു അവരിൽ പലരും.

കൊടകര ബ്ലോക്ക് പരിധിയിലുളള 58 പൊതുവിദ്യായാലങ്ങളിൽ നിന്നുളള 22 ഭിന്നശേഷി കുട്ടികളാണ് പഠനയാത്ര നടത്തിയത്. കൂട്ടിന് 11 ടീച്ചർമാരും. വിവിധ വാഹനങ്ങളിൽ ടിക്കറ്റെടുത്ത് നേരനുഭവങ്ങൾ നൽകാൻ ശ്രമിക്കുകയാണ് കൊടകര ബിആർസി ജീവനക്കാർ ചെയ്തത്. സമഗ്ര ശിക്ഷാ കേരള കൊടകര ബിആർസിയുടെ നേതൃത്വത്തിലാണ് പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്കായി പഠനയാത്ര സംഘടിപ്പിച്ചത്. പരിമിതികൾ മറികടന്നൊരു പഠനയാത്രയായി അത് മാറി.

രാവിലെ 9ന് പുതുക്കാട് റെയിൽവെ സ്റ്റേഷനിൽ എത്തി. സ്റ്റേഷൻ മാസ്റ്റർ യു ജി അച്യുതാനന്ദൻ ട്രെയിനെ കുറിച്ചും റെയിൽവെ സ്റ്റേഷനെ കുറിച്ചുമുളള പൊതുവിവരങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. തുടർന്ന് കെ കെ രാമചന്ദ്രൻ എംഎല്‍എ പഠനയാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു. ആലുവ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി ഓട്ടോയിൽ മെട്രോ സ്റ്റേഷനിലേക്ക്. പിന്നെ ബോട്ട് യാത്ര. വൈകീട്ട് പാർക്കിൽ അല്പനേരം ചെലവഴിച്ച് ഓട്ടോയിൽ കെ എസ് ആർ ടി സി സ്റ്റാൻറിലേക്ക്. കാണാകാഴ്ചകളിൽ മനം നിറഞ്ഞ് കെ എസ് ആർ ടി സി ബസിൽ തിരികെ നാട്ടിലേക്കെത്തി.