പൊതു വിഷയങ്ങളിൽ കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും ജനങ്ങൾക്ക് ഉപകാരമുണ്ടാകുന്ന കാര്യങ്ങളിൽ രാഷ്ട്രീയം കലർത്തി പ്രയാസം സൃഷ്ടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും
ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അഭിപ്രായപ്പെട്ടു. കേരള സർക്കാരിന്റെ തീരദേശറോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഹാർബർ എഞ്ചിനീയറിങ് വകുപ്പ് ഏറ്റെടുത്ത് പൂർത്തീകരിച്ച താനൂർ നഗരസഭയിലെ അടികുളം തോണ്ടാൽ പറമ്പ് റോഡിന്റെ പ്രവൃത്തി പൂർത്തീകരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതോടൊപ്പം കുണ്ടിൽപീടിക – ചാഞ്ചേരിപറമ്പ് റോഡ്, പുല്ലാട്ട് വലിയപറമ്പ് റോഡ് (കാട്ടിലങ്ങാടിപുല്ലാട്ട് റോഡ്), എൻ.എസ്.എസ് കാട്ടിലങ്ങാടി റോഡ് എന്നീ റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
തീരദേശ റോഡുകൾക്ക് മാത്രമായി മലപ്പുറം ജില്ലയിൽ അനുവദിച്ച 637 കോടി രൂപയിൽ 23 കോടി രൂപയും താനൂരിലാണ് ലഭിച്ചിട്ടുള്ളത്. താനൂർ സി എച്ച് സിക്ക് വേണ്ടി 10 കോടി ചെലവഴിച്ചു. തിരൂർ – താനൂർ റോഡ് 98 കോടി രൂപ ചെലവഴിച്ചാണ് ഈ ഭരണത്തിൽ നന്നാക്കി എടുത്തത്. കൂടാതെ താനൂർ മണ്ഡലത്തിൽ കുടിവെള്ള പദ്ധതി കൊണ്ടുവരുന്നതിന്റെ ഭാഗമായി 78 കോടി രൂപ പൈപ്പ് ലൈൻ ഇടാനും മൂന്നു കോടി രൂപ വാട്ടർടാങ്ക് നിർമിക്കാനും ലഭ്യമാക്കുകയും പണി തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം ജനങ്ങൾക്ക് വേണ്ടിയും നാടിൻ്റെ വികസനത്തിനും വേണ്ടിയിട്ടുമാണ് കൊണ്ടുവരുന്നത്. ജനങ്ങളോട് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ അത് നിറവേറ്റലാണ് ജനപ്രതിനിധികൾക്ക് ചെയ്യാനുള്ളത്. അല്ലാതെ രാഷ്ട്രീയം കലർത്തി പ്രതിസന്ധികൾ സൃഷ്ടിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
2021 നവംബർ 19ന് 27.10 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ച അടിക്കുളം തോണ്ടാൽ പറമ്പ് റോഡ് മന്ത്രി വി അബ്ദുറഹിമാൻ്റെ നിർദേശപ്രകാരമാണ് വേഗത്തിൽ പണി പൂർത്തീകരിച്ചത്. പതിനെട്ടു വർഷത്തോളമായി നാട്ടുകാർ നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരുന്ന റോഡാണിത്. പ്രവൃത്തി ഉദ്ഘാടനം ചെയ്ത കുണ്ടിൽപീടിക – ചാഞ്ചേരി റോഡിന് 82.30 ലക്ഷം രൂപയും പുല്ലാട്ട് വലിയപറമ്പ് റോഡിന് 69.50 ലക്ഷം രൂപയും എൻഎസ്എസ് കാട്ടിലങ്ങാടി റോഡിന് 43 ലക്ഷം രൂപയും ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും താനൂർ നഗരസഭ കൗൺസിലറുമായ പിടി അക്ബർ അധ്യക്ഷനായി. ചടങ്ങിൽ ഒഴൂർ ഗ്രാമപഞ്ചായത്തംഗം അലവി മുക്കാട്ടിൽ സ്വാഗതം പറഞ്ഞു. ഉത്തര മേഖല ഹാർബർ എൻജിനീയറിങ് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ കുഞ്ഞിമമ്മു പറവത്ത് റിപ്പോർട്ട് വായിച്ചു. ഇ. ജയൻ, താനൂർ നഗരസഭ കൗൺസിലർമാരായ റൂബി ഫൗസി, ആരിഫ സലീം, രുഗ് മിണി സുന്ദരൻ, സുചിത്ര സന്തോഷ്, വിവിധ പാർട്ടി നേതാക്കളും നാട്ടുകാരുമായ സിപി അശോകൻ, പി ഫസൽ റഹ്മാൻ, കെ. കുമാരൻ, എപി സിദ്ദീഖ്, മൊയ്തീൻകുട്ടി, കുഞ്ഞുട്ടി, മുഹമ്മദ് ഹാജി, ടി കെ ഉമ്മർ പങ്കെടുത്തു. ഹാർബർ എഞ്ചിനീയറിങ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ പി രാജീവ് സംസാരിച്ചു.