കരിയര്‍ ഗൈഡന്‍സില്‍ എല്ലാ കുട്ടികള്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി  വനിതാ -ശിശു വികസന വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ‘കുട്ടികള്‍ക്കൊപ്പം’ സംവാദത്തില്‍ പറഞ്ഞു. സമഗ്ര ശിക്ഷ കേരളം പദ്ധതി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമായുള്ളതാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സില്‍ പങ്കെടുത്ത്  സംശയങ്ങള്‍ ദൂരികരിക്കാന്‍ അവസരം ഒരുക്കണമെന്നും ജില്ല കലക്ടര്‍ പറഞ്ഞു. ജില്ലയിലെ ബാലാവകാശ സംരക്ഷണങ്ങളെക്കുറിച്ചുഉള്ള കുട്ടികളുടെ സംശയങ്ങള്‍, ആശങ്കകള്‍, ചോദ്യങ്ങള്‍, ദൂരികരിക്കലാണ് ‘കുട്ടികള്‍ക്കൊപ്പം’ എന്ന പരിപാടി. പോലീസിനെ ഭയമുണ്ടെന്ന കുട്ടികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ പോലീസ് സംവിധാനം ബാല സൗഹൃദമാണെന്നും കുട്ടികള്‍ പോലീസിനെ ഭയക്കണ്ട കാര്യമില്ലെന്നും ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു. ജില്ലയിലെ പതിമൂന്ന് ബ്ലോക്കുകളിലെ എല്ലാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും  കാര്‍ഷിക മേഖല, മൃഗസംരക്ഷണം,  വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കുന്നതിന് സ്‌കില്‍ ഡെവലപ്മെന്റ് സെന്റര്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി. വി. മനോജ് കുമാര്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യഭ്യാസം നല്‍കാനുളള പ്രവര്‍ത്തനം എന്തൊക്കെയെന്ന കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പഠനം നിര്‍ത്തിയവര്‍, പത്താംക്ലാസ്- പ്ലസ് ടു കഴിഞ്ഞവര്‍ക്കും ഈ സെന്റര്‍ പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു .

എല്ലാ പഞ്ചായത്തിലും ഒരു കളി സ്ഥലം,പിരായിരി പഞ്ചായത്തില്‍ 

അഞ്ച് കോടി അനുവദിച്ചിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ

കളിസ്ഥലങ്ങള്‍ കുറവാണെന്നുള്ള കുട്ടികളുടെ ആശങ്കയില്‍  എല്ലാ പഞ്ചായത്തിലും ഒരു കളി സ്ഥലമെങ്കിലും ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ചുവട് പിടിച്ച് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നുണ്ടെന്നും പിരായിരി പഞ്ചായത്തില്‍ അഞ്ച് കോടി അനുവദിച്ചിട്ടുണ്ടെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു.

കുട്ടികളുടെ മുഖത്ത് സങ്കടം വന്നാല്‍ അധ്യാപകര്‍ രക്ഷകര്‍ത്താക്കളായി മാറണമെന്നും അറിവ് പകര്‍ന്നു കൊടുക്കല്‍ അല്ല അറിവ് നിര്‍മ്മിക്കാന്‍ കുട്ടികളെ സഹായിക്കലാണ് അധ്യാപകരുടെ ജോലി എ ന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ എം. സേതുമാധവന്‍ പറഞ്ഞു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്. ശുഭ, എക്സൈസ് വകുപ്പ് സി. ഐ പി കെ സതീഷ് ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍ ആഷ്ലിന്‍ ഷിബു ജുവനയില്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ മരിയ ജെറിയാര്‍ഡ് , ജില്ലയിലെ പതിമൂന്ന് ബ്ലോക്കുകളിലെ സര്‍ക്കാര്‍-എയ്ഡഡ് സി.ബി.എസ്.ഇ തലത്തിലെ 38 സ്‌കൂളുകളിലെ  തെരഞ്ഞെടുത്ത നൂറോളം വിദ്യാര്‍ത്ഥികളാണ് സംവാദത്തില്‍  പങ്കെടുത്തത്.