കൊച്ചി: പ്രളയക്കെടുതി നേരിട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് പട്ടികജാതി വികസന വകുപ്പ് അധിക ധനസഹായമായി 5,000/ രൂപ അനുവദിച്ചു. ഇതിനായി എറണാകുളം ജില്ലയില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ നേതൃത്വത്തില്‍ വകുപ്പുതല ജീവനക്കാര്‍, എസ്. സി. പ്രൊമോട്ടര്‍മാര്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേന പ്രളയം നേരിട്ട പ്രദേശങ്ങളില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കും. വിവരശേഖരണത്തിനായി എത്തുന്നവര്‍ക്ക് കുടുംബം പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നതാണെന്ന് തെളിയിക്കുന്നതിന് കുടുംബങ്ങളില്‍ ആരുടെയെങ്കിലും ജാതി തെളിയിക്കുന്നതിന് സഹായകരമായ ഏതെങ്കിലും രേഖകള്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കെടുതികള്‍ നേരിട്ട കുടുംബങ്ങള്‍ക്ക് അതത് ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ നേരിട്ടും വിവരങ്ങള്‍ സമര്‍പ്പിക്കാം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് വിവരശേഖരണം നടത്തുക.