സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മയക്കുമരുന്നിനെതിരെ നടത്തിവരുന്ന ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി “ഉയിര്‍പ്പ് ” കലാജാഥ ഒരുങ്ങുന്നു. പരിപാടിക്ക് മുന്നോടിയായുള്ള പരിശീലന പരിപാടി കിലയില്‍ നടന്നു. ഫ്‌ലാഷ് മോബ്, സംഗീതശില്പം, നാടകം, തെരുക്കൂത്ത് എന്നിവ ഉള്‍പ്പെടെ ഒരു മണിക്കൂറോളം നീളുന്ന കലാപരിപാടികളാണ് കിലയില്‍ നടന്ന സംസ്ഥാന പരിശീലന ക്യാമ്പില്‍ ഉൾപ്പെടുത്തിയത്. 30 പേർ പരിശീലനത്തിന്റെ ഭാഗമായി. ഡോ.സി രാവുണ്ണിയാണ് പരിശീലന പരിപാടിയുടെ ക്യാമ്പ് ഡയറക്ടര്‍. 14 ജില്ലകളിലും അഞ്ച് ദിവസം വീതമുള്ള ജില്ലാ ക്യാമ്പുകള്‍ നടത്തിയാണ് പര്യടനത്തിനുള്ള കലാ സംഘങ്ങള്‍ രൂപീകരിക്കുക.

പ്രശസ്ത നാടക-സിനിമാ സംവിധായകനായ പ്രിയനന്ദനനാണ് കലാജാഥയുടെ ഡയറക്ടര്‍. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, രാവുണ്ണി, മഞ്ജു വൈഖരി എന്നിവരുടെ രചനകളാണ് ഉയിര്‍പ്പില്‍ അവതരിപ്പിക്കുന്നത്. രാജേഷ് അപ്പുക്കുട്ടന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. പ്രമുഖ നാടക സംവിധായകരായ ശ്രീജിത്ത് പൊയില്‍ക്കാവ്, സുധീര്‍ ബാബുട്ടന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. കലാമണ്ഡലം അക്ഷയ, താര പോണ്ടിച്ചേരി, ഗോക്രി ഗോപാലകൃഷ്ണന്‍, മണിപ്രസാദ് ,കെ.ബി.ഹരി, സുരേഷ് തിരുവാലി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നിന്ന് പ്രതിഭകളെ തെരഞ്ഞടുക്കുന്നത്. വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, പൊതുഇടം എന്നിങ്ങനെയുള്ള അവതരണ കേന്ദ്രങ്ങളിലൂടെയാണ് കലാജാഥകളുടെ പര്യടനം എന്ന് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്.സതീഷ് അറിയിച്ചു