വ്യവസായ വാണിജ്യ വകുപ്പിന്റെ കോഴിക്കോട് ജില്ലാതല ചെറുകിട വ്യവസായ ഉല്‍പന്ന പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കമായി. മാനാഞ്ചിറ സി.എസ്.ഐ ഹാളില്‍ നടക്കുന്ന മേള മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ഉല്പന്ന പ്രദര്‍ശനവും വിപണനവുമാണ് മേളയിൽ നടക്കുക.
പരമ്പരാഗത മേഖലയില്‍ നിന്നുള്ള കയര്‍, കൈത്തറി, മണ്‍പാത്ര ഉല്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, ഇലക്ട്രോണിക് ഉല്പന്നങ്ങൾ, വസ്ത്രം, ഭക്ഷ്യ ഉത്പന്നങ്ങൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള ഉത്പന്നങ്ങളാണ് 61 സ്റ്റാളുകളിലായി ഒരുക്കിയിട്ടുള്ളത്. നവംബര്‍ 26 വരെയാണ് മേള. രാവിലെ 10 മുതല്‍ വൈകീട്ട് 8 വരെയാണ് പ്രവേശന സമയം. പ്രവേശനം സൗജന്യമാണ്.
ചടങ്ങിൽ കൗൺസിലർ എസ്.കെ അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു. പി അബ്രഹാം, മാനേജർ എം. കെ ബാലരാജൻ, കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് എം അബ്ദുറഹിമാൻ, ജില്ലാ വ്യവസായ കേന്ദ്രം ക്രെഡിറ്റ് മാനേജർ ഗിരീഷ്, അസിസ്റ്റന്റ് രജിസ്ട്രാർ പി.ശാലിനി, വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ നിധിൻ, ലീഡ് ബാങ്ക് മാനേജർ ടി. എം മുരളീധരൻ, ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എം. എ മെഹബൂബ് തുടങ്ങിയവർ പങ്കെടുത്തു.