ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തി

ജില്ലയിലെ ജൽജീവൻ മിഷൻ പ്രവർത്തികൾ വിലയിരുത്തി കേന്ദ്ര സംഘം. നാഷണൽ ജൽ ജീവൻ മിഷൻ ഉദ്യോഗസ്ഥരായ അനൂപ് ദ്വിവേദി, പാർത്ഥസാരഥി എന്നിവരടങ്ങുന്ന സംഘമാണ് പദ്ധതി നടപ്പാക്കുന്ന വിവിധ പ്രദേശങ്ങൾ നേരിട്ട് കണ്ട് വിലയിരുത്താൻ എത്തിയത്. സന്ദർശനത്തിന്റെ ഭാഗമായി ജില്ലാ കലക്ടർ ഹരിത വി കുമാറുമായി സംഘം കൂടിക്കാഴ്ച നടത്തി.

രണ്ട് ദിവസങ്ങളിലായി നടന്ന സന്ദർശനത്തിൽ ചേർപ്പ്, ചൊവ്വന്നൂർ ബ്ലോക്ക്‌ പഞ്ചായത്തുകളിലെ വിവിധ വില്ലേജുകൾ സംഘം സന്ദർശിച്ചു. ചേർപ്പിലെ ചേർപ്പ്, ചേവൂർ ചൊവ്വന്നൂരിലെ കണ്ഠാണശ്ശേരി, ആളൂർ വില്ലേജുകളാണ് സന്ദർശിച്ചത്. കൊരട്ടി പഞ്ചായത്തിലെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റും സന്ദർശിച്ചു. മേലൂർ പഞ്ചായത്തിലെ രണ്ട് വില്ലേജുകളിലും സംഘം എത്തി. പഞ്ചായത്തുകളിലെ ജൽജീവൻ പദ്ധതി ഗുണഭോക്താക്കളുമായും ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തി.

ചേമ്പറിൽ നടന്ന കൂടിക്കാഴ്ചയിൽ ജില്ലയിലെ ജൽജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രസന്റേഷൻ നടത്തി. സംഘത്തിന്റെ സംശയങ്ങൾക്ക് കലക്ടർ മറുപടി നൽകി. തൃശൂർ പി എച്ച് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ പി ജമാൽ, തൃശൂർ എക്സിക്യൂട്ടീവ് എൻജിനീയർ പി എച്ച് ഡിവിഷൻ ഇഎൻ സുരേന്ദ്രൻ, ഇരിങ്ങാലക്കുട എക്സിക്യൂട്ടീവ് എൻജിനീയർ പി എച്ച് ഡിവിഷൻ വിജു മോഹൻ കെ ആർ, നാട്ടിക എക്സിക്യൂട്ടീവ് എൻജിനീയർ പ്രൊജക്ട് ഡിവിഷൻ ജയപ്രകാശ് പി എന്നിവർ പങ്കെടുത്തു.