സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലും ജില്ലാ ഓഫീസുകളിലും പഞ്ചായത്ത് ഡയറക്ടറേറ്റിലെയും സ്ഥാപിച്ച കണ്‍ട്രോള്‍ റൂമുകളില്‍ ലഭിച്ചത് 5000ത്തിലധികം ഫോണ്‍ കോളുകളാണ്. ഇതിനെ തുടര്‍ന്ന് 2000ത്തിലധികം പേരെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കാനായി.
പഞ്ചായത്ത് ഡയറക്ടറേറ്റിലെ കളക്ഷന്‍ സെന്ററില്‍ നിന്ന് 67 ലോഡ് ഭക്ഷ്യസാധനങ്ങളും എട്ട് ലോഡ് ക്ലിനീംഗ് സാധനങ്ങളും പ്രളയബാധിത ജില്ലകളിലെത്തിച്ചു. 24 ആംബുലന്‍സുകളും വകുപ്പ് സജ്ജമാക്കിയിരുന്നു. പ്രളയബാധിത മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനത്തിലും പഞ്ചായത്ത് വകുപ്പ് ജീവനക്കാര്‍ പങ്കാളികളായി.  തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലേയും പെരുങ്കടവിള, വര്‍ക്കല, ചിറയിന്‍കീഴ്, വെള്ളനാട്, പോത്തന്‍കോട് എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെയും അരുവിക്കര, കുളത്തൂര്‍, കാട്ടാക്കട, അമ്പൂരി, മാറനല്ലൂര്‍, നഗരൂര്‍, തൊളിക്കോട്, പനവൂര്‍, പാങ്ങോട് എന്നീ ഗ്രാമപഞ്ചായത്തുകളിലെയും 687 വോളന്റിയര്‍മാര്‍, ആലപ്പുഴ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളായ ബുധനൂര്‍, തിരുവന്‍വണ്ടൂര്‍, പുലിയൂര്‍, പാണ്ടനാട്, ചെറിയനാട്, ആറാട്ടുപുഴ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, തിരുവനന്തപുരം ജില്ലയിലെ പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റിലെ ജീവനക്കാര്‍ എന്നിവര്‍ പാണ്ടനാട് ഗ്രാമപഞ്ചായത്തില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഹരിതകേരള മിഷന്‍, എ.ഡി.സി ശുചിത്വമിഷന്‍ ജീവനക്കാരും പങ്കെടുത്തു. പഞ്ചായത്ത് ഡയറക്ടറേറ്റ്, തിരുവനന്തപുരം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, തിരുവനന്തപുരം ജില്ലയിലെ പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റിലെ ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രളയത്തില്‍ മുഴുവന്‍ രേഖകളും നശിച്ച പാണ്ടനാട്, തിരുവന്‍വണ്ടൂര്‍  ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ പ്രവര്‍ത്തന സജ്ജമാക്കി. തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക്/ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍, ജീവനക്കാര്‍, മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
പഞ്ചായത്ത് ഡയറക്ടറേറ്റിലെ 102 ജീവനക്കാര്‍ ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രവും ആയുര്‍വേദ ഡിസ്‌പെന്‍സറിയും ശുചീകരിച്ചു.