പുളിങ്കുന്ന്: പൂന ആസ്ഥാനമായുള്ള സെന്റർ ഫോർ യൂത്ത് ഡെവലപ്മെന്റ് ആൻഡ് ആക്ടിവിററീസിന്റെ കറുത്തകുപ്പായക്കാർ കൈമെയ് മറന്ന് സന്നദ്ധപ്രവർത്തനങ്ങളിലാണ് കഴിഞ്ഞ ഒരു ആഴ്ചയായി. പ്രളയം കവർന്ന കുട്ടനാട്ടിൽ ഇനി ഒരാഴ്ച ഉണ്ടാവും എന്നാണ് പൂനെയിൽ നിന്നെത്തിയ സംഘടനയുടെ 12 പ്രവർത്തകരും പറയുന്നത്. പൂനെയിലെ ആദിവാസി മേഖല കേന്ദ്രീകരിച്ച് പ്രധാനമായി സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി വരുന്ന സി വൈ ഡി എ പ്രവർത്തകർ ആദ്യം എത്തിയത് തിരുവനന്തപുരത്താണ്. 12 അംഗ സംഘത്തിൽ 9 പേരും ടെക്നീഷ്യൻമാരാണ്. വെള്ളംകയറിയ വീടുകളിലെ ഇലക്ട്രിക്കൽ വർക്കുകൾ ചെയ്യുകയായിരുന്നു ലക്ഷ്യം. പക്ഷെ വീടുകളിലെ ചെളി മാറ്റുന്ന പ്രവർത്തിയിൽ മുഴുകിയിരിക്കുകയാണ് ഇപ്പോൾ ഇവർ. 29ന് സ്കൂൾ തുറക്കുന്നതിനാൽ ആദ്യം പുളിങ്കുന്ന് സെന്റ്. ജോസഫ് സ്കൂൾ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു ഇന്നലെ കുട്ടനാട്ടിൽ എത്തിയ സി വൈ ഡി എ പ്രവർത്തകർ.100 കണക്കിന് ബെഞ്ചും ഡസ്കും എല്ലാം പുറത്തേക്ക് ഇട്ട് കഴുകി വൃത്തിയാക്കി. ക്ലാസ് മുറികൾ കഴുകി വൃത്തിയാക്കി നോക്കുമ്പോൾ സമയം വൈകിട്ട് 4 മണി. പിന്നീട് ഉച്ചഭക്ഷണത്തിലേക്ക്. കേരളത്തിന് കൈതാങ്ങാകാൻ ഇനിയും വിളിപ്പുറത്ത് ഞങ്ങൾ ഉണ്ടാകും എന്ന് ഒരേ സ്വരത്തിൽ ഉറപ്പുതരുന്നു ഈ കറുത്തകുപ്പായക്കാർ.
