*ആന്റി ബയോഗ്രാം പുറത്തിറക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം
ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തിൽ സംസ്ഥാനത്തിന് ഏറെ അഭിമാനിക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരളത്തിലെ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയൽ റെസിസ്റ്റൻസ് തടയാനുമുള്ള പ്രവർത്തനങ്ങൾ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി ബയോഗ്രാം (എഎംആർ സർവെയലൻസ് റിപ്പോർട്ട്) പുറത്തിറക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ആന്റി ബയോഗ്രാം റിപ്പോർട്ട് അടുത്തിടെ പുറത്തിറക്കിയിരുന്നു. മാത്രമല്ല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ എല്ലാ ജില്ലകളിലും ജില്ലാതല ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റികൾ യോഗം ചേരുകയും നിരവധി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. സംസ്ഥാനത്തെ 2023ഓടെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മനസിലാക്കാനും അതിലൂടെ കർമ്മപദ്ധതി ആവിഷ്‌ക്കരിച്ച് ഇത് കുറയ്ക്കാനും ആന്റി ബയോഗ്രാം റിപ്പോർട്ടിലൂടെ സാധിക്കുന്നു. സംസ്ഥാന ആന്റി ബയോഗ്രാം റിപ്പോർട്ടിൽ നിന്നും ആന്റിബയോട്ടിക് പ്രതിരോധ തോത് മുൻകാലങ്ങളെ അപേക്ഷിച്ച് കൂടിവരുന്നതായാണ് വ്യക്തമാകുന്നത്. ഇതിനെത്തുടർന്ന് ആന്റിബയോട്ടിക് പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഊർജിതപ്പെടുത്തി.
എല്ലാ വർഷവും നവംബർ 18 മുതൽ 24വരെ ലോക ആന്റിബയോട്ടിക് അവബോധ വാരാചരണമായി ആചരിച്ചുവരുന്നു. ആന്റിബയോട്ടിക്കിനെപ്പറ്റിയുള്ള അവബോധം എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുക എന്നതാണ് ലക്ഷ്യം. ഒരുമിച്ച് ആന്റിമൈക്രോബിയൽ റെസിസ്റ്റൻസിനെ തടയാം എന്നതാണ് ഈ വർഷത്തെ സന്ദേശം. വൺ ഹെൽത്തിൽ ഊന്നി ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ സഹകരിച്ചാണ് അവബോധ പരിപാടികൾ സംഘടിപ്പിച്ചത്. ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തിൽ എല്ലാ ജില്ലകളിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. മെഡിക്കൽ കോളേജുകൾ, സർക്കാർ, സ്വകാര്യ ആശുപത്രികൾ എന്നിവർ വിവിധ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ആന്റി ബയോട്ടിക് സാക്ഷരത കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് സംസ്ഥാനം പ്രാധാന്യം നൽകിയത്.
ആന്റിബയോട്ടിക് പ്രതിരോധത്തിൽ നമുക്കും പങ്കാളികളാകാം
- മിക്ക അണുബാധകളും വൈറസ് മൂലമാണ് ഉണ്ടാകുന്നത്. അതിനാൽ ഇവയ്ക്കെതിരെ ആന്റിബയോട്ടിക്കുകൾ ഫലപ്രദമല്ല.
- ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവൂ.
- ഒരിക്കലും ആന്റിബയോട്ടിക്കുകൾ ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്.
- ചികിത്സ കഴിഞ്ഞു ശേഷിക്കുന്ന ആന്റിബയോട്ടിക്കുകൾ ഒരിക്കലും ഉപയോഗിക്കരുത്.
- ശേഷിക്കുന്നതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകൾ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.
- രോഗശമനം തോന്നിയാൽ പോലും ഡോക്ടർ നിർദേശിച്ച കാലയളവിലേക്ക് ആന്റിബയോട്ടിക് ചികിത്സ പൂർത്തിയാക്കണം.
- ആന്റിബയോട്ടിക്കുകൾ ഒരിക്കലും മറ്റുള്ളവരുമായി പങ്കിടാൻ പാടില്ല.
- അണുബാധ തടയുന്നതിന് പതിവായി കൈ കഴുകുക.
- രോഗികളുമായുളള സമ്പർക്കം ഒഴിവാക്കുക.
- പ്രതിരോധ കുത്തിവയ്പുകൾ കാലാനുസൃതമായി എടുക്കുക.