2018 ലെ മഹാപ്രളയത്തില്‍ അക്ഷയ കേന്ദ്രം വെള്ളം കയറി നശിച്ചെങ്കിലും മഠത്തുമൂഴി അക്ഷയ സംരംഭകനായ എന്‍. കൃഷ്ണദാസ് നിരാശനായില്ല. അവശേഷിച്ചവ പുനസംഘടിപ്പിച്ച് പ്രവര്‍ത്തനം പുനരാരംഭിച്ചെങ്കിലും കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യം മറ്റൊരാഘാതമായി മാറി. എങ്കിലും 2004 മുതല്‍ അക്ഷയ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനായി നടത്തിയ കഠിനാധ്വാനം പാഴാക്കാന്‍ ഈ സംരംഭകന്‍ തയാറായില്ല. പ്രതിസന്ധികളെ അതിജീവിച്ച് ഇന്ന് ജില്ലയിലെ മികച്ച കേന്ദ്രങ്ങളില്‍ ഒന്നാണ് മടത്തുമൂഴി അക്ഷയ കേന്ദ്രം. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള അക്ഷയയുടെ സേവങ്ങള്‍ക്ക് പുറമെ ജനോപകാരപ്രദമായ നിരവധി സാമൂഹ്യ സേവങ്ങളും കൃഷ്ണ ദാസ് ഈ കേന്ദ്രത്തിലൂടെ നല്‍കുന്നുണ്ട്. ഏറ്റവും പ്രധാനം ശബരിമല ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനമാണ്.
എല്ലാ വര്‍ഷവും കൃഷ്ണ ദാസിന്റെ കേന്ദ്രം തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആയി പ്രവര്‍ത്തിക്കുന്നുണ്ട്. വിമാനടിക്കറ്റ്, ട്രെയിന്‍ ടിക്കറ്റ്, കെഎസ്ആര്‍ടിസി ടിക്കറ്റ്, വെര്‍ച്വല്‍ ക്യു ബുക്കിംഗ് തുടങ്ങി നിരവധി സേവനങ്ങള്‍ നല്‍കുന്നുണ്ട്. അക്ഷയ 20 വര്‍ഷം പിന്നിടുമ്പോള്‍ പൊതുജനങ്ങള്‍ക്ക് ഇക്കാലമത്രയും മെച്ചപ്പെട്ട സേവനം നല്‍കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ഈ സംരംഭകന്‍. ഭാര്യ ബിന്ദുവും, ജീവനക്കാരും ചേര്‍ന്നുള്ള ഓത്തൊരുമയോടെയുള്ള പ്രവര്‍ത്തനവും, പൊതുജനങ്ങളുടെ സഹകരണവും അക്ഷയകേന്ദ്രത്തിന്റെ വിജയത്തിനു കാരണമായെന്ന് കൃഷ്ണ ദാസ് പറയുന്നു.