സിനിമാ പഠിതാക്കൾക്ക് അടൂർ ഗോപാലകൃഷ്ണൻ ഒരു പരിപൂർണ പാഠപുസ്തകമാണെന്ന് സംവിധായകൻ കമൽ പറഞ്ഞു. അടൂർ സംവിധാനം ചെയ്ത ‘സ്വയംവരം’ എന്ന വിഖ്യാത ചലച്ചിത്രത്തിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി ജില്ലാ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ‘സ്വയംവരം @ 50 – അടൂരിന് ആദരം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമകളിൽ പുരോഗമന ആശയങ്ങളെ ആവിഷ്കരിച്ച സംവിധായകനാണ് അടൂരെന്നും കമൽ കൂട്ടിച്ചേർത്തു.

സ്വയംവരത്തിന്റെ നിർമാണവേളയിൽ എടുത്ത 72 നിശ്ചലഛായാചിത്രങ്ങൾ അടങ്ങുന്ന പ്രദർശനം പദ്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു. അടൂർ സിനിമാലോകത്തെ ചക്രവർത്തിയാണെന്ന് ശിവൻ നമ്പൂതിരി അഭിപ്രായപ്പെട്ടു. ‘അടൂരും മലയാള സിനിമയും’ എന്ന വിഷയത്തിൽ ഡോ: പി.കെ രാജശേഖരനും രഘുനാഥൻ പറളിയും പ്രഭാഷണം നടത്തി. മലയാള സിനിമയിൽ ആധുനികതക്ക് തുടക്കം കുറിച്ച സിനിമയാണ് ‘സ്വയംവരം’ എന്ന് ഡോ. പി.കെ രാജശേഖരൻ പറഞ്ഞു.

തുടർന്ന് പാലക്കാട് ജില്ലാ ഭരണകൂടം, പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി, പാലക്കാട്ടെ വിവിധ സാംസ്കാരിക സംഘടനകൾ തുടങ്ങിയവർ അടൂരിനെ ആദരിച്ചു. എ. ചന്ദ്രശേഖരൻ, ഗിരീഷ് ബാലകൃഷ്ണൻ എന്നിവർ രചിച്ച ‘സ്വയംവരം – അടൂരിന്റെയും അനുവാചകന്റെയും’ എന്ന പുസ്തകം കമൽ ഡോ: പി.കെ. രാജശേഖരന് നൽകി പ്രകാശനം ചെയ്തു.

തന്റെ സിനിമാജീവിതത്തിന് ഏറ്റവും കരുത്തു പകർന്ന് കൂടെ നിന്നത് നാട്ടിലെ വായനശാലയും തന്റെ വായനാനുഭവവുമാണെന്ന് അടൂർ ഗോപാലകൃഷ്ണൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. അരനൂറ്റാണ്ട് മുൻപ് ഇതേ ദിനത്തിൽ ‘സ്വയംവരം’ പുറത്തിറങ്ങിയ ദിനത്തിന്റെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. പരിപാടിയിൽ ജോൺ സാമുവൽ അധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി ടി.ആർ അജയൻ ബി.രാജേന്ദ്രൻ നായർ, ഇന്ദു, എന്നിവർ സംസാരിച്ചു.

‘സിനിമയുടെ ശരീരം’ പുസ്തകം പ്രകാശനം ചെയ്തു

അടൂരിന്റെ ചലച്ചിത്ര സംഭാവനകളുമായി ബന്ധപ്പെട്ട, കഥാകൃത്തും നടനുമായ ജോൺ സാമുവൽ രചിച്ച ‘സിനിമയുടെ ശരീരം’ എന്ന പുസ്തകം സാഹിത്യകാരൻ വൈശാഖൻ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ അജയന് നൽകി പ്രകാശനം ചെയ്തു. ‘സ്വയംവരം’ എന്ന വിഖ്യാത ചലച്ചിത്രത്തിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച ‘സ്വയംവരം @ 50 – അടൂരിന് ആദരം’ എന്ന പരിപാടിയിൽ വെച്ചായിരുന്നു പ്രകാശനം.

ഡോ. പി.ആർ ജയശീലൻ പുസ്തകം പരിചയപ്പെടുത്തി. അഡ്വ. സി.പി പ്രമോദ് അധ്യക്ഷനായ പരിപാടിയിൽ ജോൺ സാമുവൽ, മുരളി എസ്. കുമാർ, കെ. രെജീഷ് എന്നിവർ സംസാരിച്ചു.