കൊയിലാണ്ടി നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന നഗരസഭ പൊതു ആസ്തികളുടെ ജി.ഐ.എസ് മാപ്പിങ് ആരംഭിച്ചു. നൂതന സാങ്കേതികവിദ്യകളുടെ സഹായത്താൽ നഗരസഭയുടെ പരിധിയിലെ മുഴുവൻ മനുഷ്യ, പ്രകൃതിവിഭവ വിവരങ്ങളും ശേഖരിച്ച് ആവശ്യാനുസരണം വിരൽതുമ്പിൽ ലഭ്യമാക്കുകയാണ് പദ്ധതിയുടെ‌ ലക്ഷ്യം. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഡ്രോണ്‍ പറത്തി നിര്‍വഹിച്ചു.

ആദ്യഘട്ടത്തില്‍ നഗരസഭയിലെ റോഡുകളുടെ മാപ്പിങ്ങും പൊതു ആസ്തികളായ കുളങ്ങള്‍, തോടുകള്‍, പുഴകള്‍, തെരുവു വിളക്കുകള്‍, തുടങ്ങിയവയുടെ മാപ്പിംഗും പൂര്‍ത്തീകരിക്കും. റോഡ്, നടപ്പാത, ലാന്‍ഡ് മാര്‍ക്ക്, പാലം, ഡ്രെയിനേജ്, കനാല്‍, കള്‍വര്‍ട്ട്, റോഡ് ജങ്ഷന്‍, ഡിവൈഡര്‍, റോഡ് സിഗ്‌നല്‍, പാര്‍ക്കിങ് ഏരിയ, തരിശുനിലങ്ങള്‍, വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍, വീടുകള്‍, നഗരസഭയുടെ മറ്റ് ആസ്തികള്‍ എന്നിവയുടെ പൂര്‍ണ വിവരങ്ങളും വെബ്‌സൈറ്റിലുണ്ടാവും. വിവരങ്ങൾ വെബ്‌പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് ഏറ്റവും വേഗതയാര്‍ന്നതും മെച്ചപ്പെട്ടതുമായ രീതിയിലുള്ള സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്. പത്തുലക്ഷം രൂപ അടങ്കല്‍ വകയിരുത്തിയ പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിയുടെ സാങ്കേതിക വിഭാഗമായ യു.എൽ.ടി.എസ് ആണ് ഏറ്റെടുത്തത്.

ചടങ്ങിൽ ​ന​ഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ.എ.ഇന്ദിര ടീച്ചര്‍, ഇ.കെ.അജിത്ത് മാസ്റ്റര്‍, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ രത്‌നവല്ലി ടീച്ചര്‍, വി.പി.ഇബ്രാഹിം കുട്ടി, എ.ലളിത എന്നിവര്‍ സംസാരിച്ചു.