• ബാലരാമപുരം സ്പിന്നിംഗ് മില്ലിലെ നൂൽ ഇനി ചൈനയിലേക്കും തായ്‌ലൻറിലേക്കും
  • സ്പിന്നിംഗ് മില്ലുകളുടെ വികസനത്തിന് 450 കോടിയുടെ പ്രത്യേക പാക്കേജ്: മന്ത്രി എ.സി. മൊയ്തീൻ

 

സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്പിന്നിംഗ് മില്ലുകളുടേയും നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി വിദഗ്ദ്ധസമിതി 450 കോടി രൂപയുടെ പ്രത്യേക പാക്കേജ് ശുപാർശ ചെയ്തതായും അതിന്റെ പ്രാരംഭപ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചതായും വ്യവസായ – കായിക വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ.   ടെക്സ്‌റ്റൈൽ മില്ലുകളുടെയും കൈത്തറി മേഖലയുടെയും പുനരുദ്ധാരണത്തിന് വിവിധ വകുപ്പുകളുമായി സഹകരിച്ച് നൂതന പദ്ധതികൾ നടപ്പാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ബാലരാമപുരത്ത് ട്രിവാൻഡ്രം സ്പിന്നിംഗ് മില്ലിന്റെ നൂൽ കയറ്റുമതി ധാരണാപത്രം ഒപ്പിടലും ഫ്ളാഗ് ഓഫും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ചൈന, തായ്ലാന്റ് തുടങ്ങിയ വിദേശ രാജ്യങ്ങളിലേയ്ക്ക് നൂൽ കയറ്റുമതിക്ക് അവസരം നേടിയെടുത്ത ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസിന്റെ ശ്രമങ്ങൾ സംസ്ഥാനത്തിന് മാതൃകയാണ്.  മറ്റ് മില്ലുകൾക്ക് പുത്തൻ ദിശാബോധം നൽകുന്ന കാൽവെയ്പ്പാണിതെന്നും അദ്ദേഹം പറഞ്ഞു.   ആദ്യഘട്ടമെന്ന നിലയിൽ 80 ടൺ നൂലാണ് ഇരു രാജ്യങ്ങളിലേയ്ക്കുമായി ഇവിടെനിന്നും കയറ്റുമതി ചെയ്യുക.  പ്രതിസന്ധിയിലായി ലിക്വിഡേഷൻ വരെയെത്തിയ ഈ മില്ലിന്റെ പുനരുദ്ധാരണത്തിന് വിദഗ്ദ്ധ സമിതി ശുപാർശ ചെയ്ത 7.86 കോടിയുടെ പാക്കേജ് ഉടൻ ലഭ്യമാക്കും.  രണ്ട് ഘട്ടങ്ങളിലായി മുൻപ് അനുവദിച്ച 5.30 കോടി രൂപയ്ക്ക് പുറമേയാണിത്.  നൂൽ നിർമാണത്തിനൊപ്പം ഉൽപ്പന്നവൈവിധ്യവൽക്കരണം കൂടി ഉറപ്പാക്കണം.  ഫർണിഷിംഗ് തുണികൾ, ക്യാരി ബാഗുകൾ, ഫ്ളോർ മാറ്റുകൾ തുടങ്ങിയവയുടെ ഉൽപ്പാദനം ഇവിടെ നടപ്പാക്കാനുള്ള സാധ്യതകൾ കൂടി പരിശോധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.   ചടങ്ങിൽ ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി, കെ.എസ്.പി.എൽ ചെയർമാൻ പി.ആർ. വത്സൻ, മാനേജിംഗ് ഡയറക്ടർ എം. ഗണേഷ്, ഹാന്റ്ലൂം ആന്റ് ടെക്സ്‌റ്റൈൽസ് ഡയറക്ടർ ടി. സുധീർ, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ് ചെയർമാൻ എം.എം. ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.