പതിനെട്ടു വയസ് കഴിഞ്ഞ ഭിന്നശേഷിക്കാര്‍ക്കായി ജില്ലയില്‍ വിദ്യാഭ്യാസ – തൊഴില്‍ പരിശീലന കേന്ദ്രം തുടങ്ങുന്നു. മീനങ്ങാടി നാഷനല്‍ ബയോടെക് റിസര്‍ച്ച് ഓര്‍ഗനൈസേഷനാണ് അമ്പലവയല്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍പ്പെട്ട മേനോന്‍മുക്ക് സെന്റ് മേരീസ് ബില്‍ഡിങിംഗില്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. നവജീവന്‍ വൊക്കേഷനല്‍ ട്രെയിനിംഗ് സെന്റര്‍ എന്നു പേരിട്ട സ്ഥാപനത്തിന്റെ ഉദ്ഘാടനം സെപ്തംബര്‍ 23നു നടത്തുമെന്നു ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ പി.വി എല്‍ദോ പറഞ്ഞു. ഒരേസമയം 200 പേര്‍ക്ക് വിദ്യാഭ്യാസ – തൊഴില്‍ പരിശീലനം നല്‍കാന്‍ സൗകര്യമുള്ള സ്ഥാപനത്തില്‍ പ്രഥമവര്‍ഷം 50 പേര്‍ക്കാണ് പ്രവേശനം. പഠിതാക്കള്‍ക്കു പരിശീലനത്തിനു പുറമെ ഭക്ഷണവും സൗജന്യമായിരിക്കും. പട്ടികവര്‍ഗ വികസന വകുപ്പുമായി ആലോചിച്ച് ആദിവാസി വിഭാഗങ്ങളിലെ പതിനെട്ട് വയസു കഴിഞ്ഞ ഭിന്നശേഷിക്കാര്‍ക്ക് സ്ഥാപനത്തില്‍ താമസിച്ചു പരിശീലനം നേടാന്‍ സൗകര്യമൊരുക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പാഠ്യപദ്ധതികള്‍ക്കനുസൃതമായ കോഴ്സുകളാണ് വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തുക. പ്രവേശനം നേടുന്നവരെ മൂന്നു മാസത്തോളം നിരന്തര നിരീക്ഷണത്തിനു വിധേയമാക്കി അഭിരുചികള്‍ മനസിലാക്കി പരിശീലനം നല്‍കും. ഡിടിപി, ടൈലറിംഗ്, ഫാഷന്‍ ഡിസൈനിംഗ്്, കേന്ദ്ര ടെക്സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെ നൈപുണ്യ കോഴ്സുകള്‍, ഖാദി കമ്മീഷന്‍ അംഗീകരിച്ച കോഴ്സുകള്‍ തുടങ്ങിയവ സ്ഥാപനത്തിലുണ്ടാവും. തൊഴില്‍ നൈപുണ്യം നേടുന്നതുവരെ പഠിതാവിന് പരിശീലനം നല്‍കും. സ്വകാര്യ വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നുമടക്കം വിഭവസേവന സമാഹരണം നടത്തി സ്ഥാപനത്തിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്താനാണ് പദ്ധതിയെന്നും ചെയര്‍മാന്‍ പറഞ്ഞു.