പ്രളയക്കെടുതി താണ്ഡവമാടിയ പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഇറങ്ങിയത് വനം വകുപ്പിന്റെ കീഴിലുള്ള അടവി ഇക്കോ  ടൂറിസത്തിലെ 16 കുട്ടവഞ്ചികളും 17 തുഴച്ചില്‍കാരും. ആഗസ്റ്റ് 15ന് അതിരാവിലെ തന്നെ അടവിയിലെ കുട്ടവഞ്ചികളും തുഴച്ചില്‍കാരും റാന്നി മേഖലയിലെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആറ് കുട്ടവഞ്ചികളാണ് റാന്നിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. കോഴഞ്ചേരിയില്‍ ആറും തിരുവല്ലയില്‍ നാലും കുട്ടവഞ്ചികള്‍ അതേ ദിവസം തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. വിവിധ താലൂക്കുകളിലായി രണ്ടായിരത്തോളം ആളുകളെയാണ് കുട്ടവഞ്ചികളില്‍ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചത്. റാന്നി, കോഴഞ്ചേരി, ആറന്മുള, തിരുവല്ല, പെരിങ്ങര, കാവുംഭാഗം, നെടുമ്പ്രം, കുമ്മണ്ണൂര്‍, മഠത്തുംകടവ്, എലിയറയ്ക്കല്‍, വാഴമുട്ടം, പ്രമാടം, നരിയാപുരം, ഇളകൊള്ളൂര്‍, അട്ടച്ചാക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കുട്ടവഞ്ചികളിലെ തുഴച്ചില്‍കാരും വനസംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 16ന് പ്രളയക്കെടുതി കൂടുതല്‍ രൂക്ഷമായതോടെ ഒഴുക്കു കൂടുതലുള്ള സ്ഥലങ്ങളില്‍ കുട്ടവഞ്ചികളുപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം അസാധ്യമായി. ഇതോടെ ഒഴുക്കില്ലാത്ത ഒറ്റപ്പെട്ട പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ്  കുട്ടവഞ്ചികള്‍ രക്ഷാപ്രവ ര്‍ത്തനം തുടര്‍ന്നത്. പ്രളയക്കെടുതി ആരംഭിച്ച ഉടന്‍ തന്നെ കോന്നി, റാന്നി ഡിഎഫ്ഒമാരുടെ നേതൃത്വത്തില്‍ റെയിഞ്ചുകള്‍ കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുകയും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളില്‍ പോലീസും എന്‍ഡിആര്‍എഫും മറ്റ് സേനാവിഭാഗങ്ങളുമായി  ചേര്‍ന്ന്  വനം വകുപ്പ് ജീവനക്കാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രളയാനന്തരം പാമ്പുകളുടെ സാന്നിധ്യം വലിയതോതിലുണ്ടായി. ഇവിടങ്ങളില്‍ വനം വകുപ്പ് ജീവനക്കാരെത്തി പാമ്പുകളെ പിടിച്ച് വനത്തില്‍ വിടുകയും ഇപ്പോള്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നുണ്ട്.  കോന്നി ഡിഎഫ്ഒ കെ.എന്‍.ശ്യാംമോഹന്‍ലാല്‍, റാന്നി ഡിഎഫ്ഒ എം.ഉണ്ണികൃഷ്ണന്‍, സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ പി.കെ.ജയകുമാര്‍ ശര്‍മ എന്നിവരുടെ നേതൃത്വത്തിലാണ് വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.