സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനകീയ ഉത്സവമായി നടത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ജനുവരി മൂന്ന് മുതല്‍ എഴ് വരെ കോഴിക്കോട് ജില്ലയില്‍ സംഘടിപ്പിക്കുന്ന അറുപത്തിയൊന്നാമത് കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത സംഘം ഓഫീസ് ഡിസംബര്‍ 11 ന് ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോൾ പാലിച്ചും ലഹരിമുക്ത സന്ദേശം ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുക.

26 ഓളം സ്റ്റേജുകളാണ് കോഴിക്കോട് നഗരത്തിന്റെ വിവിധയിടങ്ങളിലായി ഒരുക്കുക. കലോത്സവത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 21 സബ് കമ്മിറ്റികളാണ് രൂപീകരിച്ചിരിക്കുന്നത്. സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തതിന്റെ ഭാഗമായി കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാനും സാംസ്‌കാരിക പരിപാടികള്‍ മികച്ച രീതിയില്‍ പൂര്‍ണ്ണ ജനപങ്കാളിത്തത്തില്‍ നടത്താനും യോഗത്തില്‍ തീരുമാനിച്ചു.

എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, ലിന്റോ ജോസഫ് കെ.എം സച്ചിന്‍ ദേവ്, കെ.കെ രമ, ഡെപ്യൂട്ടി മേയര്‍ സി.പി.മുസാഫര്‍ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് എം.പി ശിവാനന്ദന്‍, പൊതുവിദ്യാഭ്യാസ അഡിഷണല്‍ ഡയറക്ടര്‍ (ജനറല്‍), സി.എ സന്തോഷ്, സിറ്റി പോലീസ് കമ്മീഷണര്‍ എ അക്ബര്‍, ഡി.ഡി.ഇ മനോജ് കുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.